കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയിടയാൻ കാരണം അശ്രദ്ധയും ഏകോപനത്തിലെ പാളിച്ചയുമാണെന്നാണ് വിലയിരുത്തൽ. ജില്ലാ കളക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ഉത്സവ നടത്തിപ്പിൽ അപാകതയുണ്ടെന്ന് വ്യക്തമാക്കി. കാലിൽ ഇടച്ചങ്ങലയിടുന്നത് ഉൾപ്പെടെ നാട്ടാന പരിപാലനച്ചട്ടം പാലിച്ചില്ലെന്ന് വനംമന്ത്രിയും പറഞ്ഞു. നിയമനടപടിയുമുണ്ടാകും. എന്നാൽ ഗോകുൽ എന്ന ആനയെ കുത്തിയ ഗുരുവായൂർ പീതാംബരനെന്ന ആനയെ പഴിചാരി തടിതപ്പാനാണ് കമ്മിറ്റിക്കാരുടെയും ദേവസ്വത്തിന്റെയും ശ്രമം. കുട്ടാനയെ കുത്തുന്ന ശീലം പീതാംബരന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നുവത്രെ. വർഷങ്ങളായി പ്രശ്നമില്ലെന്ന് ഗുരുവായൂർ ദേവസ്വം പറയുന്നു. ഇക്കാര്യം ബുക്കിംഗിന് മുമ്പ് പരിശോധിക്കേണ്ടതല്ലേ? ഗുരുവായൂർ ദേവസ്വം 40,000 രൂപ ഏക്കത്തുക നിശ്ചയിച്ചിട്ടുള്ള പീതാംബരനെ രണ്ടു ദിവസത്തേക്ക് 1,11,000 രൂപയ്ക്കാണ് വിലപേശി കൊണ്ടുവന്നത്. എഴുന്നള്ളിപ്പിന് ആന വേണമെന്നത് ആചാരമല്ലെന്ന് ക്ഷേത്രം മേൽശാന്തി പ്രദീപൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാന എഴുന്നള്ളിക്കാനേ മോണിറ്ററിംഗ് കമ്മിറ്റി അനുമതി നൽകിയിരുന്നുള്ളു. എന്നാൽ രണ്ടിലധികം ആനകളെ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്.
പാലിച്ചുവോ ദൂരപരിധി?
ആന, ജനങ്ങൾ, വെടിക്കെട്ട് എന്നിവ തമ്മിലുള്ള ദൂരപരിധി പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പടക്കം പൊട്ടിച്ചത് എഴുന്നള്ളത്തു നടക്കുന്നതിന് സമീപത്താണ്. ആനകൾക്കു സമീപവും ആളുകളുണ്ടായിരുന്നു. ആനകളും ജനങ്ങളും തമ്മിൽ എട്ടു മീറ്റർ അകലം വേണമെന്നുണ്ട്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയെ തളച്ചതിനു ശേഷമാണ് വെടിക്കെട്ട് നടത്തേണ്ടത്. എഴുന്നള്ളിപ്പിനിടെ വെടിക്കെട്ട് നടത്തിയതിലുമുണ്ട് ശ്രദ്ധക്കുറവ്. എന്നാലത് ആചാരത്തിന്റെ ഭാഗമായ കതിനാവെടിയെന്നാണ് ക്ഷേത്ര കമ്മിറ്റി പറയുന്നത്. അകലെയാണ് പൊട്ടിയതെങ്കിൽ ശബ്ദം കുറഞ്ഞേനേ. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹെെക്കോടതി നിർദ്ദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ എല്ലാം പഴയതുപോലെ നടത്താമെന്ന് കരുതുന്ന കമ്മിറ്റിക്കാരുണ്ട്. എന്നാൽ തൃശൂർ തിരുവമ്പാടി ദേവസ്വം സുപ്രീം കോടതിയിൽ നിന്ന് നേടിയ സ്റ്റേ അവരുടെ ഉത്സവ നടത്തിപ്പിനു മാത്രമാണ്.
ഗോകുൽ ഉഷാറാകുന്നു; പീതാംബരൻ കൂൾ!
പീതാംബരന്റെ കുത്തേറ്റ് അവശനായ ഗോകുൽ സുഖം പ്രാപിച്ചു വരുന്നു. കുഴപ്പക്കാരനെന്ന് മുദ്രകുത്തപ്പെട്ട പീതാംബരൻ കൂൾ. രണ്ട് ആനകളെയും സംഭവദിവസം രാത്രി ആനക്കോട്ടയിലേക്ക് കൊണ്ടുപോയിരുന്നു. വലതു നട കാൽ മദ്ധ്യഭാഗത്തായി ആഴത്തിലുള്ള മുറിവാണുള്ളത്. നീർക്കെട്ടില്ല. പ്രശ്നങ്ങളൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ഡോ. വിവേക് പറഞ്ഞു.
നാളെ: ഉത്തരവിറക്കും; നടപ്പാക്കൽ തഥെെവ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |