കോഴിക്കോട്: പൊന്നുപോലെ നോക്കി വളർത്തിയ മകന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉമ്മ റംസീനയുടെ നിലവിളി ഷഹബാസിനെ അവസാനമായി കാണാനെത്തിയവരുടെയും കണ്ണുനനച്ചു. എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ ഉപ്പയുടെയും ഉമ്മയുടെയും കണ്ണീരുകണ്ട് കരയുകയായിരുന്നു ഷഹബാസിന്റെ കുഞ്ഞനുജന്മാർ. ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം ഷഹബാസ് ഇനി കണ്ണീരോർമ. ഉച്ച തിരിഞ്ഞ് 3.30 ഓടെ ഷഹബാസിന്റെ മൃതദേഹം താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ വീട്ടിലേക്കെത്തിച്ചപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും അദ്ധ്യാപകരുമുൾപ്പെടെ നൂറ്കണക്കിന് പേരാണ് അവസാനമായി ഷഹബാസിനെ കാണാനായി വീട്ടിലെത്തിയത്. വീടിനകത്ത് സ്ത്രീകളെ മാത്രമാണ് മൃതദേഹം കാണാൻ അനുവദിച്ചിരുന്നത്. പിന്നീട് കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് വച്ചപ്പോഴും ഇതേ തിരക്കുണ്ടായി. മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി നാളെ എസ്. എസ്.എൽ.സി പരീക്ഷ എഴുതാനിരിക്കെയാണ് ഷഹബാസിനെ മരണം തട്ടിയെടുക്കുന്നത്. ഇക്ബാലിന്റേയും റംസീനയുടേയും മൂത്തമകനാണ് ഷഹബാസ്. മുൻപ് കുറച്ചുകാലം പ്രവാസിയായിരുന്ന ഇക്ബാൽ ഇപ്പോൾ കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും മകൻ അത്ഭുതകരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ, മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ വീട് സങ്കടക്കടലായി. ഷഹബാസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈറനണിഞ്ഞ കണ്ണുകൾ മാത്രമായിരുന്നു നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും മറുപടി.
വെെകുന്നേരത്തെ ചായപ്പലഹാരം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി
കോരങ്ങാട് അങ്ങാടിയിൽ നിന്നും വെെകുന്നേരത്തെ ചായയുടെ പലഹാരം വാങ്ങാനായി ഇറങ്ങുന്നതിനിടയിലാണ് അടുത്ത കൂട്ടുകാരൻ ഷഹബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്നത്. അന്ന് രാവിലെ മുതൽ പറമ്പിൽ വിവിധ ജോലികൾ ചെയ്തിരുന്ന ഉപ്പയെ ഷഹബാസ് സഹായിച്ചിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിനുള്ള തയ്യാറെടുപ്പും വായനയുമായി വീട്ടിൽ തന്നെയായിരുന്നു അവൻ. തിരിച്ചെത്തിയശേഷം എന്റെ തല പെരുക്കുന്നുവെന്ന് മാത്രമാണ് ഉമ്മയോട് പറഞ്ഞത്.
നാട്ടുകാർക്കും പ്രിയപ്പെട്ടവൻ
നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു മുഹമ്മദ് ഷഹബാസ്. ചുങ്കം പാലോറക്കുന്നിൽ പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ രണ്ട് വർഷത്തോളമായി കോരങ്ങാട് വാടകക്കാണ് കുടുംബം താമസിച്ചിരുന്നത്. അവിടെയെത്തിയ നാൾ മുതൽ ചെറുപുഞ്ചിരിയോടെ, ഏതാവശ്യത്തിന് വിളിച്ചാലും ഓടി വന്നിരുന്ന കുട്ടിയായാണ് അയൽവാസികൾ ഷഹബാസിനെ ഓർക്കുന്നത്. ഇന്നലെ വരെ ചിരിച്ച മുഖത്തോടെ വിശേഷങ്ങൾ പറഞ്ഞ് പോയ ഉറ്റ ചങ്ങാതി ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു ഷഹബാസിന്റെ കൂട്ടകാരും. പത്താം ക്ലാസിലെത്തിയ ശേഷമാണ് അവൻ വെെകുന്നേരത്തെ പതിവ് കളികളിൽ നിന്നും അൽപം മാറിനിന്നത്. പത്തിലല്ലേടാ, എന്തെങ്കിലുമൊക്കെ പഠിക്കണ്ടേ എന്ന് പറയുമായിരുന്നു. കൂട്ടുകാർക്കിടയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങളിൽ പോലും അധികം ഇടപെടാതിരുന്ന ഷഹബാസ് തല്ലുകൂടാൻ പോയി എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഇവർ പറയുന്നത്.
സമഗ്ര അന്വേഷണം വേണമെന്ന് എം.കെ രാഘവൻ എം.പി
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില് സമഗ്ര അന്വേഷണം വേണമെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാവണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.
സ്കൂളുകളിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന വാർത്തകൾ പതിവാകുകയാണ്. ഏറ്റുമുട്ടലുകൾ ഗുരുതര പരിക്കുകൾക്കും മരണ വാർത്തകളിലേക്കും വരെ നയിക്കുന്ന സാഹചര്യമാണ്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിപണനം നിയന്ത്രിക്കാൻ എക്സൈസ് വകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എക്സൈസ് വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇതോടൊപ്പം പി.ടി.എ കമ്മറ്റികളും വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തയ്യാറാവണം. വിദ്യാർത്ഥികളിൽ സഹിഷ്ണുതാ മനോഭാവം വളർത്തിയെടുക്കുന്നതിനായി മാസത്തിലൊരിക്കൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൗൺസിലിംഗ് സെഷനുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും എം.പി ആവശ്യപ്പെട്ടു.
ഡി.ഡി.ഇ അന്വേഷണ റിപ്പോർട്ട് കെെമാറി
കോഴിക്കോട് : മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കെെമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ അവസാനിച്ചതിനാൽ സ്കൂളുകളിൽ ക്ലാസുകൾ നടന്നിരുന്നില്ല. പ്രശ്നങ്ങൾക്ക് ഇടനൽകാത്ത വിധമാണ് സ്കൂളിലെ സെന്റ് ഓഫ് പരിപാടികൾ നടത്തിയത്. ട്യൂഷൻ സെന്ററിൽ എന്താണ് നടന്നതെന്ന് അറിയില്ല. കുട്ടികൾ തമ്മിൽ ചെറിയതോതിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഭീകരാവസ്ഥയിലേക്ക് മാറുന്നത് ആദ്യത്തെ അനുഭവമാണ്. ട്യൂഷൻ സെന്ററുകൾ ഇത്തരം പരിപാടി നടത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചേരിതിരിഞ്ഞ് തമ്മിലടിഒടുവിൽ ദാരുണമരണം
കോഴിക്കോട് : താമശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്തെ ട്രിസ് ട്രൂഷൻ സെന്ററിലെ സെന്റ് ഓഫ് പരിപാടിക്കിടെ നടന്ന സംഭവങ്ങളുടെ തുടർച്ചയാണ് മുഹമ്മദ് ഷഹബാസിന്റെ മരണത്തിന് കാരണമായത്. സെന്റ് ഓഫ് പരിപാടിക്കിടെ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ നൃത്തം പാട്ടുനിന്നതിനെ തുടർന്ന് തടസപ്പെട്ടു. ഇതോടെ താമരശ്ശേരി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂകിവിളിച്ചു. ഇവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു.ഇതോടെ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ത്മിലടിച്ചതോടെ ട്രൂഷൻ സെന്ററുകാർ പറഞ്ഞുവിട്ടു.
സംഭവം ഒരു വിഭാഗം കുട്ടികളിലുണ്ടാക്കിയ പകയും പ്രതികാരവുമാണ് വ്യാഴാഴ്ച താമരശ്ശേരി ബസ് സ്റ്റാൻഡ്
പരിസരത്തെ സംഘർഷത്തിന് കാരണമായത്. സോഷ്യൽ മീഡിയയിലെ ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷൻ സെന്ററിലുള്ളവരും ഷഹബാസ് ഉൾപ്പെടെ ട്യൂഷൻ സെന്ററിൽ ഇല്ലാത്ത എളേറ്റിൽ സ്കൂൾ വിദ്യാർഥികളും പ്രദേശത്ത് തമ്പടിച്ചിരുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികളും ഏറ്റുമുട്ടുകയായിരുന്നു.
ആദ്യം ട്യൂഷൻ സെന്ററിന് സമീപം തമ്മിൽത്തല്ലിയപ്പോൾ നാട്ടുകാരും കടക്കാരും ഓടിച്ചു. പിന്നീട് റോഡിനു സമീപത്തും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഞ്ചക്കുൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നാണ് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |