കോഴിക്കോട് : കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും കുടിവെള്ള ലഭ്യതക്കുറവ് 'ആഗോള' പ്രശ്നമായി നാട്ടിലാകെ നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേനലിലെ ജലക്ഷാമത്തിന് പരിഹാരം നിർദ്ദേശിക്കുകയാണ്
സി.ഡബ്ല്യു.ആർ.ഡി.എം (സെന്റർ ഫോർ വാട്ടർ റിസോർസ് മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ). മഴവെള്ള സംഭരണത്തിന്റെ മറ്റൊരു രീതിയായ കിണർ റീ ചാർജിംഗാണ് പ്രധാന മാർഗമായി ഇവർ നിർദ്ദേശിക്കുന്നത്. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതാണ് വരൾച്ചയുടെ പ്രധാന കാരണം. സി.ഡബ്ല്യു.ആർ.ഡി.എം തൃശൂരിലെ തീരദേശ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സി നടത്തിയ പഠനത്തിൽ റീ ചാർജിംഗ് സംവിധാനമുള്ള കിണറുകളിലെ ജലവിതാനം ഉയർന്നതായി കണ്ടെത്തിയിരുന്നു. കിണർ റീ ചാർജിംഗ് പരീക്ഷിച്ചാൽ രണ്ട് വർഷത്തിനകം കിണറിലെ ജലത്തിന്റെ ഗുണനിലവാരവും പ്രദേശത്തെ ജലവിതാനവും വർദ്ധിപ്പിക്കാം. ചരിഞ്ഞ പ്രദേശങ്ങളിലും കിണറിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിലും കിണർ റീ ചാർജിംഗ് പ്രായോഗികമല്ല. തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ കുഴൽ കിണറുകളിലും റീ ചാർജിംഗ് നടത്തുന്നു. പ്രധാനമായും ഇടവപ്പാതിയും വേനൽ മഴയുമാണ് കിണർ റീ ചാർജിംഗിനായി ഉപയോഗിക്കുന്നത്.
-- റീ ചാർജിംഗ് എങ്ങനെ
മഴവെള്ളം ശേഖരിക്കുന്നതിന് മേൽക്കൂരയുടെ അഗ്രഭാഗത്ത് പാത്തികൾ സ്ഥാപിക്കുക. പാത്തികളിൽ നിന്ന് പി.വി.സി പൈപ്പിലൂടെ വെള്ളമൊഴുകി, കിണറിന് സമീപത്തായി തയ്യാറാക്കിയ കുഴികളിലേക്കോ, ഫിൽട്ടർ വഴി നേരിട്ട് കിണറുകളിലേക്കോ ഇറക്കാം. വേനൽക്കാലത്ത് ജല ലഭ്യത വർദ്ധിക്കുന്നതോടൊപ്പം കിണറിലേക്കുള്ള ഉറവകൾ ശക്തിപ്പെടാനും ഈ മാർഗം സഹായിക്കും. ഉപയോഗ ശൂന്യമായ കിണറുകളും കുഴൽകിണറുകളും മഴവെള്ളം കിണറുകളിലേക്ക് എത്തിക്കാനായി ഉപയോഗിക്കാം. കാലക്രമേണ ഇവയിലേക്ക് ഉറവകൾ എത്തിത്തുടങ്ങും.
വെള്ളം ശുദ്ധീകരിക്കാനായി ടാങ്കിന്റെ അടിഭാഗത്ത് ബേബി മെറ്റൽ, അതിന് മുകളിൽ ചിരട്ടക്കരി, വീണ്ടും ബേബി മെറ്റൽ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത്. മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയർത്തും.
'' ഭൂഗർഭ ജലത്തിന്റെ അളവിലുള്ള കുറവ് വലിയതോതിൽ ജലക്ഷാമത്തിന് കാരണമാകുന്നു. കിണർ റീ ചാർജിംഗ് വഴി ഒരു പരിധി വരെ ഇത് പരിപരിക്കാനാകും. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചാൽ കുറച്ച് വർഷത്തിനകം പ്രദേശത്തെ ജലവിതാനം ഉയർത്താൻ സാധിക്കും.
- ഡോ. പ്രിജു ചുങ്കത്ത് ( ഹെെഡ്രോളജി വിഭാഗം മേധാവി, സി.ഡബ്ല്യു.ആർ.ഡി.എം കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |