ഡി.സി.സി, യൂത്ത് ഭാരവാഹികളും റിട്ട.ഡി.ഡി.ഇയും 24 കാരിയും പട്ടികയിൽ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നടത്തി യു.ഡി.എഫും കോൺഗ്രസും. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടത്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28 ഡിവിഷനുകളിൽ 14 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ എടച്ചേരി, കായക്കൊടി, മേപ്പയൂർ, ചാത്തമംഗലം, കക്കോടി, ബാലുശ്ശേരി, കാക്കൂർ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പ്രഖ്യാപിച്ചത്. യുവത്വത്തിനും പരിചയ സമ്പന്നതയ്ക്കും ആദ്യഘട്ട പട്ടികയിൽ ഒരുപോലെ പ്രധാന്യം നൽകി.
വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ടി.വത്സലകുമാരി എടച്ചേരിയിൽ മത്സരിക്കും. നിലവിൽ നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് ഭാരവാഹിയും കെ.എസ്.എസ്.പി.എ വൈസ് പ്രസിഡന്റുമാണ് 59 കാരിയായ വത്സലകുമാരി.
കായക്കൊടിയിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ സജിഷ എടുക്കുടി മത്സരിക്കും. 34 കാരിയായ സജിഷ ബികോം ബിരുദധാരിയാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയും നാദാപുരം ടി.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനുമായ മുനീർ എരവത്താണ് മേപ്പയ്യൂരിൽ സ്ഥാനാർത്ഥി. സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപക സംഘടനാ പ്രവർത്തകനുമാണ് 51 കാരനായ മുനീർ എരവത്ത്. ചാത്തമംഗലത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുറഹ്‌മാൻ എടക്കുനി (51) മത്സരിക്കും.
കക്കോടിയിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെ രംഗത്തിറക്കി. 24 കാരിയായ വിനയദാസ് എൻ.കെ കൂട്ടമ്പൂരാണ് ജില്ലാ പഞ്ചായത്തിലേക്ക് മാറ്റുരയ്ക്കുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് വിനയ ദാസ്.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ് അഭിലാഷ് ബാലുശേരിയിൽ മത്സരിക്കും. 49 കാരനായ അഭിലാഷ് ദളിത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമാണ്. യൂത്ത് കോൺഗ്രസ് നേതാവ് സുധിൻ സുരേഷാണ് കാക്കൂരിൽ സ്ഥാനാർത്ഥി. ബാലുശേരി അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.എസ്.യു കോഴിക്കോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച് മുൻ ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് 31 കാരനായ സുധിൻ സുരേഷ്.
മുമ്പെങ്ങുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും ജില്ലാ പഞ്ചായത്തിലേക്കുള്ള രണ്ടാംഘട്ട പട്ടിക ഉടൻ തീരുമാനിക്കുമെന്നും കെ.പ്രവീൺകുമാർ അറിയിച്ചു. എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന നേതാക്കൾ കൂടിയാലോചിച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നും തങ്ങളുടെ മുന്നേറ്റത്തെ മങ്ങലേൽപ്പിക്കാൻ ചില മാദ്ധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം നിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |