വടകര: അഴിയൂരിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 275 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 12 പേർ പോസിറ്റീവായി,100 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ ഫലം നാളെ പുറത്തുവരാനുണ്ട്. അഴിയൂരിനെ നിലവിലെ കടുത്ത നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് ടി.പി.ആർ ൽ ചെറിയ കുറവ് വരികയും ടെസ്റ്റിന് ധാരാളം പേർ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്ത സാഹചര്യത്തിൽ അഴിയൂരിൽ അവശ്യ സർവീസുകളുടെ സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ ആക്കുവാൻ പഞ്ചായത്ത് ആർ.ആർ.ടി യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുള്ള സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടുകൂടി പഞ്ചായത്തിൽ നിന്ന് പാസ് വാങ്ങി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം തുറന്നു പ്രവർത്തിക്കാവുന്നതാണ്. അവശ്യ സർവീസ് അല്ലാത്തവയിൽ ലോക്ക്ഡൗൺ ഇളവുകളിൽ ഉള്ള കടകൾ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളൂ. ചോമ്പാൽ ഹാർബർ നിയന്ത്രണങ്ങളോടെ 28 മുതൽ തുറന്നു പ്രവർത്തിക്കും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും മാത്രമേ ഹാർബറിൽ പ്രവേശനമുള്ളൂ. മത്സ്യത്തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ക്രമീകരിക്കും. സോൺ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിന്യസിക്കും. യാതൊരു കാരണവശാലും ഹാർബറിൽ ലേലമോ ചില്ലറവിൽപ്പനയോ അനുവദിക്കുന്നതല്ല. ആരാധനാലയങ്ങൾ തുറക്കാൻ അനുവദനീയമല്ല. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രം. ബാങ്ക് പ്രവർത്തനസമയം നിലവിലുള്ളതുപോലെയും കടകളിൽ യാതൊരുകാരണവശാലും അഞ്ചിൽ കൂടുതൽ ആളുകളും പാടുള്ളതല്ല. കൊവിഡ് വർദ്ധനവ് ഉള്ള വാർഡുകളിൽ ആർ.ആർ.ടി മാരുടെ ഓൺലൈൻ മീറ്റിംഗ് ഇന്ന് നടത്തുവാൻ തീരുമാനിച്ചു. അദ്ധ്യാപകന്മാർക്കും വാർഡ് മെമ്പർ മാർക്കും ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കും. പുറത്തിറങ്ങാൻ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത് ജനങ്ങൾ അംഗീകരിച്ചതിന് തെളിവായി ഇന്നലെ 375 ആളുകൾ ടെസ്റ്റിന് മുന്നോട്ടു വന്നു . യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, സി.ഐ ശിവൻ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സെക്രടറൽ മജിസ്ട്രേറ്റുമാരായ ആർ.രൂപേഷ്, വി.കെ ജിനേഷ് കുമാർ, വില്ലേജ് ഓഫീസർ ടി.പി റിനീഷ് കുമാർ, മെഡിക്കൽ ഓഫീസർ, അബ്ദുൾ നസീർ,ഹാർബർ മാനേജ്മെന്റ് സൊസൈറ്റി നോഡൽ ഓഫീസർ കെ.വിനോദൻ, കൊവിഡ് നോഡൽ ഓഫീസർ എൻ.ടി.കെ ആതിര, ഉദ്യോഗസ്ഥന്മാരായ ആർ.പി റിയാസ്, കെ.സജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |