മലപ്പുറം: താനൂർ തൂവൽത്തീരത്തെ ബോട്ടപകടം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ സാക്ഷി വിചാരണ ഇന്ന് രാവിലെ 11ന് തിരൂർ പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിൽ തുടങ്ങും. 103 സാക്ഷികളുടെ തെളിവെടുപ്പ് ആറ് ദിവസം നീളും. റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ ചെയർമാനും കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് റിട്ട. ചീഫ് എൻജിനിയർ സുരേഷ് കുമാർ, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഷിപ്പ് ടെക്‌നോളജി കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. കെ.പി. നാരായണൻ എന്നിവർ അംഗങ്ങളായ ജുഡീഷ്യൽ കമ്മിഷനാണ് തെളിവെടുപ്പ് നടത്തുക.
ഒന്ന് മുതൽ 15 വരെയുള്ള സാക്ഷികളുടെ വിചാരണ ഇന്നും 16 മുതൽ 30 വരെ സാക്ഷികളുടേത് നാളെയും 31 മുതൽ 50 വരെ ഉള്ളവരുടേത് 23നും നടക്കും. സാക്ഷിപ്പട്ടികയിൽ 51 മുതൽ 75 വരെ ഈ മാസം 28നും 76 മുതൽ 95 വരെയുള്ളവരുടേത് 29നുമാണ്. 96 മുതൽ 103 വരെയുള്ള സാക്ഷികളുടെ വിചാരണ 30നും നടക്കും. ഇവർക്ക് ഹാജരാവാൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ബോട്ടപകടമുണ്ടായതിന് വ്യക്തികൾ-സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം കണ്ടെത്തുക, നിലവിലുള്ള ലൈസൻസിംഗ്, എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോ, അല്ലെങ്കിൽ ആവശ്യമായ ശുപാർശകൾ സമർപ്പിക്കുക, ഭാവിയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുക, മുൻകാലങ്ങളിലെ ബോട്ടപകടങ്ങളെത്തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ടുകളിന്മേൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികളുടെ അവലോകനം എന്നിവയാണ് ജുഡീഷ്യൽ കമ്മിഷന്റെ ചുമതലകൾ.
കമ്മിഷന്റെ ആദ്യ വിചാരണ 2024 മാർച്ച് 27ന് തിരൂർ റെസ്റ്റ് ഹൗസിൽ നടത്തിയിരുന്നു. ഹാജരായവർക്ക് കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെങ്കിൽ അതിനായി സമയം നീട്ടി അനുവദിക്കുകയായിരുന്നു. 2023 മേയ് ഏഴിന് താനൂർ തൂവൽതീരം ബീച്ചിൽ അറ്റ്ലാന്റിക് എന്ന വിനോദ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കുമേറ്റിരുന്നു.
കമ്മിഷന് അധികാരമില്ല
അപകടത്തിൽ ഇരകളായവരുടെ തുടർചികിത്സാ ചെലവ് അനുവദിക്കുന്നതിൽ തീരുമാനമെടുക്കാൻ കമ്മിഷന് അധികാരമില്ല. സർക്കാരിന് പരാതി നൽകിയാൽ തുക അനുവദിക്കും. ബില്ല് നൽകിയാൽ തുക നൽകാമെന്ന ജില്ലാ കളക്ടറുടെ അറിയിപ്പുണ്ട്.
കേരളത്തിൽ ബോട്ടപകടങ്ങൾ നിയന്ത്രിക്കുന്നതിന് ഉതകുന്ന ശക്തമായ ഇടപെടലും നിർദ്ദേശങ്ങളും കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടാവും. നിലവിലെ സ്ഥിതി തുടർന്നാൽ ഏത് നിമിഷവും അപകടമുണ്ടാവാം. താനൂർ ബോട്ടപകടത്തിൽ ഉന്നതരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ പറ്റില്ല.
ജസ്റ്റിസ് വി.കെ. മോഹനൻ
സിംഗിൾ ഹൾ ബോട്ടുകൾ ഒഴിവാക്കി വാട്ടർ മെട്രോയിലേത് പോലെ രണ്ട് ഹള്ളുകളുള്ള ബോട്ടുകൾ ഉപയോഗിച്ചാൽ അപകടങ്ങൾ കുറയും. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ സിംഗിൾ ഹൾ ബോട്ടുകളാണ്. ഇവയെ ഒന്നാകെ പെട്ടെന്ന് നിരോധിക്കുക എന്നത് പ്രായോഗികമല്ല. വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടിവരും.
റിട്ട. ചീഫ് എൻജിനിയർ സുരേഷ് കുമാർ
യാത്രക്കാരുടെ എണ്ണം, എല്ലാവരും സീറ്റിൽ തന്നെ ഇരിക്കുന്നുണ്ട് എന്നത് ഉൾപ്പെടെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ബോട്ടിന് മുകളിലുള്ള ആളുകൾ ഒരുവശത്തേക്ക് നീങ്ങിയതാണ് താനൂരിലെ അപകടത്തിലേക്ക് നയിച്ചത്.
ഡോ. കെ.പി. നാരായണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |