കാളികാവ്: തട്ടിപ്പിന് വേറിട്ട വഴികളുമായി സൈബർ ക്രിമിനലുകൾ. വിവിധ കേസുകളിൽ പ്രതിയാണെന്ന് പേടിപ്പെടുത്തി മലയോര മേഖലയിൽ പലരെയും കുടുക്കിയതായി സൂചന. കാളികാവിലെ മാദ്ധ്യമ പ്രവർത്തകനാണ് ഇന്നലെ അവസാനമായി വിളിയെത്തിയത്.
പലരും ഭീഷണിയിൽപ്പെട്ട് നിർദേശിച്ച മാതൃകയിൽ പണം കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസാണെന്ന രീതിയിലാണ് വിളി വരുന്നത്.സാധാരണ ഉപയോഗിക്കുന്ന രീതിയിലുള്ള നമ്പറായതിനാൽ സംശയം തോന്നാതെ കാൾ എടുത്തു പോകും.ഹിന്ദിയിലുള്ള സംസാരം കേട്ട് കട്ട് ചെയ്താൽ വീണ്ടും വിളിച്ച് സീരിയസ് കോളാണ്, ഏത് ഭാഷ വേണമെന്ന് ചോദിക്കും. മലയാളം എന്നു പറഞ്ഞാലും വിടില്ല. മഹാരാഷ്ട്ര പൊലീസിൽ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് എടുത്തിട്ടുണ്ട്. സിം എടുത്ത തീയതിയും നമ്പറും പറഞ്ഞു തരികയും ചെയ്യും. സിം ഉപയോഗിച്ച് നിരവധി കുറ്റ കൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും
മുംബൈയിൽ പൊലീസിന്റെ മുൻപിൽ ഹാജരാവണമെന്നുമാണ് ആദ്യം പറയുക. അങ്ങിനെ ഒരു സിം എടുത്തിട്ടില്ലെന്ന് പല തവണ ആവർത്തിച്ചാലും വിളിച്ചവർ പറയുക ആധാർ ദുരുപയോഗം ചെയ്തതാകാമെന്നാണ്. ഉടനെ തന്നെ രജിസ്റ്റർ ചെയ്ത കേസ് നമ്പറും റഫറൻസ് നമ്പറും എഴുതി എടുക്കാൻ നിർദ്ദേശിക്കും.
ടെലി കമ്മ്യൂണിക്കേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും ഫോൺ പൊലീസിന് കൈമാറുകയാണെന്നും പറയും. കേസ് നമ്പർ പറഞ്ഞ് കൊടുത്താൽ പൊലീസ് ആവശ്യമായ നിർദ്ദേശം നൽകുമെന്ന ഉപദേശവും കിട്ടും. ഇതിനിടയിൽ കാൾ കട്ടാകാതെ നോക്കണമെന്നുള്ള കർശന നിർദ്ദേശവും നൽകും. പെട്ടെന്ന് തന്നെ മറ്റൊരാൾ സംസാരിച്ചു തുടങ്ങും. എന്ത് സഹായം വേണമെന്ന് ചോദിക്കുകയും കേസ് നമ്പർ ആവശ്യപ്പെടുകയും ചെയ്യും. കേസ് പരിശോധിച്ച് 24 കേസുകൾ ഉണ്ടെന്ന് തിരിച്ചു പറയും. കേസിന് ആസ്പദമായ നമ്പർ ഉപയോഗിച്ച് രൂപം മാറ്റം വരുത്തി ചിത്രം പ്രചരിപ്പിച്ച് മനം നൊന്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച കുറ്റം ഉൾപ്പെടെ ഉണ്ടെന്ന് വിശ്വസിപ്പിക്കും.
നിരപരാധി ആണെന്ന് തെളിയിക്കാൻ വാട്സാപ്പ് കാൾ വഴി മൊഴി കൊടുക്കാൻ നിർദ്ദേശവും നൽകുന്നുണ്ട്.നിയമ നടപടി ഭയന്ന് പലരും മഹാരാഷ്ട്ര പൊലീസിന് പണം നൽകാൻ തയ്യാറാകുന്നുണ്ട്. മഹാരാഷ്ട്ര പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന പ്രൊഫൈൽ വെച്ചുള്ള നമ്പറിൽ നിന്നാണ് വിളിക്കുക. ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാതെ അര മണിക്കൂറോളമാണ് സ്ത്രീകൾ അടക്കമുള്ള തട്ടിപ്പ് സംഘം വിളിക്കുന്നത്. കാൾ കട്ടാകാതെ ശ്രദ്ധിക്കണമെന്നും നിങ്ങളെ രക്ഷപ്പെടുത്താനെന്നും പറഞ്ഞാണ് സംഘം വിശ്വസിപ്പിക്കുന്നത്.കാൾ കട്ട് ചെയ്താൽ വിവിധ നമ്പറുകളിൽ നിന്ന് തുടർച്ചയായി വിളി വരും.ഏതെങ്കിലും കാൾ എടുത്താൽ കേസിന്റെ ഗൗരവം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും താക്കീത് ചെയ്യുകയും ചെയ്യും.ആധാർ കാർഡ് ദുരുപയോഗം നടന്നിരിക്കും എന്നു പറഞ്ഞാണ് ഇരകഭീഷണപ്പെടുത്തുന്നത്. രക്ഷപ്പെടാൻ മാറ്റു മർഗമില്ലെന്ന് കരുതി കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം എന്ന നിലയ്ക്കാണ് ആളുകൾ പണം കൈമാറുന്നത്.
ഇത്തരം കോളുകളെ കരുതിയിരിക്കാനാണ് പോലീസ് നിർദേശിക്കുന്നത്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചാൽ കിട്ടാത്തതിനാൽ അവരെ പിന്തുടർന്ന് കണ്ടെത്തുക പ്രയാസമാണ്. ഭീഷണിക്ക് ഒരു ലക്ഷം ഉൾപ്പെടെ കൈമാറിയവരുണ്ട്.പണം നൽകിയതിന് ശേഷം പരാതിയുമായി പോയിട്ട് കാര്യമില്ലെന്നും ജാഗ്രത പുലർത്തുക മാത്രമാണ് ചെയ്യാനുള്ളതെന്നും പോലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |