മലപ്പുറം: മംഗളൂരു - ഇടപ്പള്ളി പാതയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന ആറ് വരി പാത മേയ് മാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും. മാർച്ച് 31നകം നിർമ്മാണം പൂർത്തീകരിച്ച് ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് കരാറുകാർക്കുള്ള നിർദ്ദേശം. ഇതോടെ രാപ്പകൽ വ്യത്യാസമില്ലാതെ നിർമ്മാണ പ്രവൃത്തികളും മിനുക്കുപണികളും പുരോഗമിക്കുകയാണ്. 20 ശതമാനത്തിൽ താഴെ പ്രവൃത്തികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ ഫ്‌ളൈഓവറുകളുടെയും മേൽപ്പാലങ്ങളുടെയും കുറച്ച് പണികൾ കൂടി അവശേഷിക്കുന്നുണ്ട്. ഭാരതപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഏതാനം ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും. അപകട വളവായ വട്ടപ്പാറയെ ഒഴിവാക്കി വയഡക്ട് പാലം വന്ന് ചേരുന്ന ഓണിയൽ പാലത്തിന്റെ നിർമ്മാണവും യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള ഭാഗങ്ങളിൽ റോഡ് നിർമ്മാണ പ്രവൃത്തിയും പൂർത്തീകരിക്കാനുണ്ട്. ഇവിടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ പ്രവൃത്തികൾ നടക്കുന്നുണ്ട്. മാർച്ച് പകുതിയോടെ തന്നെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ടെസ്റ്റ് ഡ്രൈവ് തുടങ്ങി
നിർമ്മാണ പ്രവൃത്തികളും പെയിന്റിംഗ് ജോലികളും ലൈറ്റുകൾ സ്ഥാപിക്കുന്നതും പൂർത്തിയായ പലയിടങ്ങളിലും ആറ് വരിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. നിർമ്മാണ പ്രവൃത്തികൾ അവശേഷിക്കുന്ന ഇടങ്ങളിൽ വച്ച് സർവീസ് റോഡിലേക്ക് വാഹനങ്ങളെ ഗതി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. വൈകുന്നേരങ്ങളിലും രാവിലെയും ഇവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരെ കയറ്റുന്നതിനായി സർവീസ് റോഡുകളിൽ പ്രത്യേകം ബസ് സ്റ്റോപ്പുകൾ അനുവദിക്കാനാണ് തീരുമാനം. നേരത്തെ ബസ് സ്റ്റോപ്പുകൾ ഉണ്ടായിരുന്ന പലയിടങ്ങളിലും സർവീസ് റോഡിലേക്ക് കയറാൻ ഉള്ള പ്രയാസം മൂലം ഇവിടങ്ങളിലെ സ്റ്റോപ്പുകൾ അനുയോജ്യമായ ഭാഗങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. പ്രദേശവാസികളുടെ താത്പര്യം കൂടി പരിഗണിച്ചാവും തുടർനടപടികൾ. കോഴിക്കോട് ജില്ലയിലും ആറുവരി പാതയുടെ നിർമ്മാണ പ്രവൃത്തികൾ 80 ശതമാനത്തിന് മുകളിൽ പൂർത്തിയായിട്ടുണ്ട്. ജില്ലയുടെ ഗതാഗത രംഗത്ത് വലിയ കുതിപ്പിന് അവസരമൊരുക്കുന്ന പദ്ധതിയാണ് ആറുവരി പാത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |