കുറ്റിപ്പുറം: നവീകരണ പ്രവർത്തനം തുടങ്ങി നാളുകൾ ആയെങ്കിലും ഒന്നും പൂർത്തിയാകാത്ത അവസ്ഥയിലാണ് നിലവിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം. നിലവിൽ പാർക്കിംഗ് സൗകര്യം വിപുലീകരിച്ചതും ലിഫ്റ്റ് സംവിധാനം ഒരുക്കിയതും പുതിയ കുറച്ചു ഇരിപ്പിടങ്ങളും ലൈറ്റും ഫാനും ഒരുക്കിയതും ഒഴിച്ചാൽ കാര്യമായ നവീകരണം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇല്ല. കോച്ച് പൊസിഷൻ കാണിക്കേണ്ട ഇലക്ട്രിക് ബോർഡുകൾ പ്രവർത്തനവുമില്ല. രണ്ടാം പ്ലാറ്റഫോമിന്റെ പല ഭാഗത്തും ഇപ്പോഴും മേൽക്കൂര ഇല്ല. മഴക്കാലം വരുമ്പോൾ മിക്ക യാത്രക്കാരും ഇനിയും മഴ നനഞ്ഞു തന്നെ വേണം ട്രെയിൻ കയറാൻ. പൊന്നാനി, എടപ്പാൾ, തവനൂർ, കുറ്റിപ്പുറം ഭാഗങ്ങളിൽ നിന്നും ഒരുപാട് പേർ ഏറെ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ കൂടിയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. ട്രെയിനുകൾക്ക് പലതിനും സ്റ്റോപ്പ് ഇല്ല എന്നതും മറ്റൊരു പരിമിതിയാണ്.പലപ്പോഴും മണിക്കൂറുകൾ ഇടവേളയിലാണ് കോഴിക്കോട് ,തിരുവനന്തപുരം, പാലക്കാട് ഭാഗത്തേയ്ക്ക് ഇവിടെ നിന്നും ട്രെയിനുകൾ ഉള്ളത്. ഇത് മൂലം യാത്രക്കാർ ഒരുമണിക്കൂർ അധികം യാത്ര ചെയ്തു വേണം അടുത്ത സ്റ്റേഷനായ തിരൂരിൽ എത്താൻ. ഇത് സമയനഷ്ടവും പണനഷ്ടവും യാത്രക്കാരന് ഉണ്ടാക്കുന്നു. വലിയ തോതിൽ വരുമാനം നൽകുന്ന ജില്ലയിലെ മികച്ച റെയിൽവേ സ്റ്റേഷനോട് റെയിൽവേ അധികൃതർ അവഗണനയാണ് കാണിക്കുന്നത്. ചെറിയ വികസനപദ്ധതികൾ നടപ്പാക്കി യാത്രക്കാരെ കണ്ണ് മൂടി കെട്ടുന്ന നിലപാടും റെയിൽവേ സ്വീകരിക്കുന്നു.
തവനൂർ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നിന്നും സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചും റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തികൾ പൂർണതോതിൽ നടത്തിയും യാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണം
എ. എം.രോഹിത്
കോൺഗ്രസ് നേതാവ്
അവഗണനയിൽ അകപ്പെട്ട കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |