മലപ്പുറം: പൊതുവിദ്യാലയങ്ങളുടെ മൈതാനങ്ങൾ സ്‌കൂളിതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പ്രത്യേക മാനദണ്ഡം കൊണ്ടുവരാൻ ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ഗ്രൗണ്ടുകൾ സ്‌കൂളിതര ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് കോടതി വിധിയുണ്ട്. ടിക്കറ്റ് വച്ചു നടത്തുന്ന ഫുട്‌ബാൾ ടൂർണമെന്റുകൾക്കടക്കം സ്‌കൂൾ മൈതാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൂക്കോട്ടൂർ ജി.എച്ച്.എസ്.എസ് മൈതാനം ഇത്തരത്തിൽ ഫുട്‌ബാൾ ടൂർണമെന്റ് നടത്താൻ അനുമതി നൽകിയതിനെതിരെ ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ് വിഷയം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഹൈക്കോടതി വിധി സെക്രട്ടറി യോഗത്തിൽ ചൂണ്ടികാട്ടി. ഇതോടെ ഇക്കാര്യത്തിൽ പൊതുവായ തീരുമാനം കൈകൊള്ളുന്നതിനായി ഡി.ഡി.ഇ, സ്‌കൂൾ പ്രധാനാദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ യോഗം വിളിക്കും. ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടിയ സ്‌കൂൾ ഗ്രൗണ്ടുകളിൽ ടൂർണമെന്റുകൾ നടക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ അനുമതി തേടുകയോ അറിയിക്കാറോ ഇല്ല. സ്‌കൂൾ അധികൃതർക്ക് നേരിട്ട് അനുമതി നൽകാനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. ഗാലറികൾ നിർമ്മിക്കാൻ കുഴിയെടുക്കുമ്പോൾ ഗ്രൗണ്ട് കേടുവരുന്നതായും കുട്ടികൾക്ക് അപകടങ്ങൾ സംഭവിക്കുന്നതായും പരാതി ഉയർന്നിരുന്നു.
മൈതാനം വിട്ടുകൊടുക്കാൻ കർശന പൊതുമാനദണ്ഡം വേണമെന്ന് ജില്ലാ പഞ്ചായത്തംഗങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചു. ഫുട്‌ബാൾ ടൂർണമെന്റുകൾ തടഞ്ഞാൽ പ്രാദേശിക എതിർപ്പുയരുമെന്നും അതിനാൽ നിയന്ത്രണത്തോടെ നൽകുന്നതിൽ തെറ്റില്ലെന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. സ്‌കൂളിന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു നടത്തുന്ന ടൂർണ്ണമെന്റുകൾ തടയണമെന്ന് പറയാനാകില്ലെന്നും സ്‌കൂളുകളുടെ ചില വികസന പ്രവർത്തനകൾക്ക് ഇങ്ങനെ സഹായം കണ്ടെത്തുന്നതിൽ തെറ്റില്ലന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം, സ്‌കൂൾ വിദ്യാർത്ഥികളുടെ കായിക പരിശീലനത്തെയും വൈകിട്ടു നടക്കുന്ന വിജയഭേരി ക്ലാസുകൾ അടക്കമുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളെ ഫുട്‌ബാൾ ടൂർണമെന്റുകൾ ബാധിക്കുന്നതായും വിമർശനമുയർന്നു. യോഗത്തിൽ പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |