കാളികാവ്: സാന്ദ്രക്ക് ഇനി പണം വേണ്ട. പ്രാർത്ഥന മതി. പിരിഞ്ഞു കിട്ടിയത് 46.24 ലക്ഷം രൂപ. രണ്ടു കിഡ്നികളും പാൻക്രിയാസിസ് ഗ്രന്ഥിയും തകരാറിലായ കാളികാവ് പുളിയം കല്ല് ചെറമ്മൽ ശശീന്ദ്രന്റെ മകളും ഒരു കുഞ്ഞിന്റെ അമ്മയുമായ സാന്ദ്ര എന്ന യുവതിക്ക് വേണ്ടി നാട്ടുകാർ രണ്ടു മാസം കൊണ്ട് സ്വരൂപിച്ചതാണ് ഇത്രയും തുക. ചികിത്സക്കാവശ്യമായ പണം തികഞ്ഞപ്പോൾ നാട്ടുകാർ പിരിവ് നിറുത്തി. കാളികാവ് അഞ്ചച്ചവിടി ഗ്രാമം കാരുണ്യരംഗത്ത് കൈകോർത്ത് ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ. മാരക രോഗങ്ങൾക്ക് അടിമപെട്ട് ചികിത്സക്ക് വകയില്ലാതെ കഷ്ടപ്പെടുന്നവർക്കും കയറിക്കിടക്കാൻ കൂരയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാനുമാണ് നാട്ടുകാരുടെ കൂട്ടായ്മ കൈകോർക്കാറുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചെറുതും വലുതുമായ പത്തോളം സംരംഭങ്ങളാണ് നാട്ടുകാർ വിജയിപ്പിച്ചത്. അഞ്ചച്ചവിടി ഗവ.ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ ഫാതിമ റിഫയുടെ മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് 65 ലക്ഷം,പുളിയം കല്ല് സാന്ദ്ര ചികിത്സ ഫണ്ട് 46.24 ലക്ഷം,കുട്ടശ്ശേരി അൻവർ കിഡ്നി മാറ്റി വെക്കൽ ഫണ്ട് 5 ലക്ഷം, നിർധനയായ യുവതി ബുഗ്രയുടെ വീടും സ്ഥലവും ഉപജീവന മാർഗ്ഗവുമടക്കം 33 ലക്ഷം, വെന്തോടൻ പടി സോമൻ എന്നയാളുടെ ചികിത്സക്ക് 5 ലക്ഷം, തോരൻസുബൈദ എന്ന വിധവയുടെ വീടു നിർമ്മാണത്തിന് 14 ലക്ഷം എന്നിവയാണ് വലിയ ഫണ്ടുകളായി പിരിച്ചെടുത്ത് ചെലവഴിച്ചത്. മറ്റു കാരുണ്യ രംഗങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച ചാരിറ്റി സംഘടനകൾ വേറെയുമുണ്ട്. പണ സംമ്പാദനത്തിനുവേണ്ടി പ്രവാസി സുഹൃത്തുക്കളുടെ മുഖ്യ സഹായത്തിനു പുറമെ
ഒട്ടേറെ ചലഞ്ചുകൾ നടത്തുകയും വീടു വീടാന്തരം പിരിവു നടത്തുകയും ചെയ്താണ് ഫണ്ട് കണ്ടെത്തുന്നത്. എല്ലാ സംരംഭങ്ങൾക്കും ജനകീയ സമിതികൾ രൂപീകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് ഇറങ്ങാറുള്ളത്. സാന്ദ്രയുടെ ചികിത്സാ ഫണ്ടിനു വേണ്ടി ഫിറോസ് കുന്നംപറമ്പിലിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. അഞ്ചച്ചവിടി എൻ.എസ്.സി ക്ലബ്ബ് ,വിക്ടറി ചാരിറ്റബിൾട്രസ്റ്റ്,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി ഓരോ പ്രദേശത്തെയും ക്ലബ്ബുകളും സന്നദ്ധ സംഘടനകളും അഞ്ചച്ചവിടിയിലെ എല്ലാ മഹല്ലുകളും കാരുണ്യ രംഗത്ത് സജ്ജീവമാണ്.
സാന്ദ്രാ ചികിത്സ സഹായ സമിതി നന്ദിയറിയിച്ച് കൊണ്ട് ഉയർത്തിയ ഫ്ളക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |