കാളികാവ്: വിടപറഞ്ഞ ആത്മസുഹൃത്തിനായി പ്രാർത്ഥിക്കാൻ കാളികാവ് ആലുക്കൽ മോഹനൻ എല്ലാ വെള്ളിയാഴ്ചയും കാളികാവ് വലിയപള്ളി ഖബർസ്ഥാനിലെത്തും. ഒരു വർഷം മുമ്പാണ് സുഹൃത്ത് കാളികാവ് വെണ്ണേക്കോടൻ സായിദ് മരിച്ചത്.
ഇരുമെയ്യാണെങ്കിലും ഒരു മനസോടെ ജീവിച്ചവരാണ് മോഹനനും സയ്യിദും. ഒന്നു മുതൽ പത്തുവരെ ഒരുമിച്ചായിരുന്നു. ശേഷവും ഉറ്റ ബന്ധം തുടർന്നു. അപ്രതീക്ഷിതമായായിരുന്നു സായിദിന്റെ വിടവാങ്ങൽ. ശേഷം ഒരു വെള്ളിയാഴ്ച പോലും സായിദിന്റെ ഖബറിടം മോഹനൻ സന്ദർശിക്കാതിരുന്നിട്ടില്ല. ആരുടേയും ശ്രദ്ധയിൽ പെടാതെ പള്ളിയിൽ ജുമുഅ ദിവസം ആളുകളുടെ തിരക്കിന് മുമ്പ് മോഹനൻ എത്തി പ്രാർത്ഥിക്കും. ഉറ്റ ചങ്ങാതിയുടെ ഖബറിന്റെ പരിസരം പുല്ല് പറിച്ചും അടിച്ചുവാരിയും വൃത്തിയാക്കുകയും ചെയ്യും.
കഴിഞ്ഞ നോമ്പു കാലത്താണ് ഈ സൗഹൃദ ബന്ധത്തിന്റെ അപൂർവ കാഴ്ച ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. സായിദിന്റെ ഖബറിടത്തിൽ പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന മോഹനനെ കണ്ടവർ അമ്പരന്നു. വെള്ളിയാഴ്ചകളിലാണ് മരിച്ചവർക്കായി ഖബറിടത്തിൽ ചെന്ന് പ്രാർത്ഥന പൊതുവേ നടക്കാറ്. സുഹൃത്തിന്റെ വിടവാങ്ങൽ മോഹനന് നികത്താൻ കഴിയാത്ത ഒരു വിടവായിരുന്നു. അതിന് പരിഹാരം എന്ന നിലയിലാണ് ഖബറിട സന്ദർശനവും പ്രാർഥനയും.
മോഹനന്റെ ഖബർ സന്ദർശനം കാളികാവ് പള്ളിയിലെ ഖാസി സി.പി. മുജീബ് റഹ്മാൻ ദാരിമി ഉൾപ്പെടെയുള്ളവർ വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |