മലപ്പുറം: മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ്. മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം.
നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി.ധനേഷ്‌കുമാർ ആദ്യഘട്ടത്തിൽ ലഭിച്ച പരാതികളിൽ ജില്ലാതലത്തിൽ പരിഹാര നടപടികൾ ആവശ്യമായ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഫെൻസിംഗ് പരിപാലനം ഉറപ്പാക്കുന്നതിന് പഞ്ചായത്തുകൾ ഇന്നോവേറ്റീവ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാച്ചർമാരെ നിയമിക്കണമെന്നും വനംവകുപ്പ് അവർക്ക് പരിശീലനം നൽകണമെന്നും കളക്ടർ നിർദ്ദേശിച്ചു.
മുണ്ടേരി സീഡ് ഫാമിലെ തൊഴിലാളികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഫെൻസിംഗ് പരിപാലന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനും തീരുമാനമായി. വനമേഖലയോട് ചേർന്നുള്ള സ്വകാര്യ തോട്ടങ്ങളിൽ കാട് വെട്ടാതെ കിടക്കുന്നത് മനുഷ്യവന്യജീവി സംഘർഷങ്ങൾക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തി. ഇത്തരം സ്ഥലങ്ങളുടെ ഉടമകൾക്ക് കാട് വെട്ടാനുള്ള നോട്ടീസ് നൽകാനും നിർദ്ദേശങ്ങൾ അവഗണിച്ചാൽ പഞ്ചായത്തിന്റെ ചെലവിൽ കാട് വെട്ടി തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും കളക്ടർ പറഞ്ഞു. വർഷങ്ങളായി ഉടമകൾ ഇല്ലാതെ കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.
നാടുകാണി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ വനംവകുപ്പും പഞ്ചായത്തും ചേർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും നിയമലംഘകരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. വനമേഖലയിലെ വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. പിടിച്ചെടുക്കുന്ന പാത്രങ്ങൾ ഹരിത കർമ്മസേന മുഖേന സ്റ്റീൽ പ്ലേറ്റുകളാൽ പകരംവയ്ക്കുകയും ചെയ്യും.
ഊട്ടി മാതൃകയിൽ വിനോദ സഞ്ചാരികളിൽ നിന്നും ഗ്രീൻ ടാക്സ് ഈടാക്കി ലഭ്യമാകുന്ന തുക മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിനോട് ശുപാർശ ചെയ്യുവാൻ യോഗം തീരുമാനിച്ചു.
കാടിനകത്ത് കുളം, ചെക്ക് ഡാം, വൈദേശിക സസ്യ നിർമ്മാർജ്ജനം തുടങ്ങിയ പ്രവർത്തനങ്ങൾ എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാട്ടുപന്നികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷൂട്ടർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതിനായി അടിയന്തര യോഗം വിളിക്കാനും സാമൂഹ്യസേവനത്തിന്റെ ഭാഗമായി പ്രവർത്തനത്തെ കാണാനും കളക്ടർ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനും സംസ്‌കരിക്കുന്നതിനും അനുവദിക്കുന്ന ഫണ്ട് വർദ്ധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അറിയിച്ചു.
വനവകുപ്പിന്റെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ജില്ലാ ഭരണകൂടത്തിന്റെ സെന്ററുമായി ബന്ധിപ്പിച്ച് പൊതുജനങ്ങൾക്ക് മനുഷ്യവന്യജീവി സംഘർഷം ഉൾപ്പെടെ ദുരന്തങ്ങൾ അറിയിക്കാൻ ഒരൊറ്റ നമ്പറിൽ വിളിക്കാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, മിഷൻ ഫെൻസിംഗ് സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസർ എം.കെ. സമീർ, വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |