കാബൂൾ: അഫ്‌ഗാൻ-പാകിസ്ഥാൻ ബന്ധം വഷളായ ഏറ്റുമുട്ടലിനിടെ വെടിനിർത്തൽ ധാരണയുമായി ഇരുരാജ്യങ്ങളും. സ്ഥിതി മോശമായതോടെ 48 മണിക്കൂർ വെടിനിറുത്തലിനാണ് ധാരണയായത്. സാധാരണ ജനങ്ങൾക്കു നേരെ ആക്രമണം നടത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി അഫ്‌ഗാനിസ്ഥാൻ നൽകി. നിരവധി പാക് സൈനികരെ വധിച്ചെന്നും ടാങ്കുകളും ആയുധങ്ങളും പിടിച്ചെടുത്തെന്നും സൈനിക കേന്ദ്രങ്ങൾ തകർത്തെന്നും അഫ്‌ഗാൻ അറിയിച്ചു.
പുലർച്ചെ കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻബോൾഡാക്ക് ജില്ലയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിലും ഷെല്ലാക്രമണത്തിലും 15 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 100ലേറെ പേർക്ക് പരിക്കേറ്റു. ഇതോടെയാണ് അഫ്‌ഗാൻ ശക്തമായി തിരിച്ചടിച്ചത്.
നാൽപതോളം താലിബാൻ സൈനികരെ വധിച്ചെന്നാണ് പാക് അവകാശവാദം. പാക് പ്രദേശമായ ചമനിൽ നിന്ന് നൂറുകണക്കിനാളുകൾ ജീവനുംകൊണ്ട് പലായനം ചെയ്‌തെന്നാണ് വിവരം. പാകിസ്ഥാനിലെ ഖുറം ജില്ലയിലും ഏറ്റുമുട്ടലുണ്ടായി. കറാച്ചിയിൽ അഫ്‌ഗാൻ അഭയാർത്ഥികൾ തങ്ങിയ ക്യാമ്പ് പാകിസ്ഥാൻ പൊളിച്ചു. പൊലീസും അഭയാർത്ഥികളും ഏറ്റുമുട്ടി.
പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയിൽ 6 പാക് സൈനികരെ ഭീകരർ വധിച്ചു. ആറുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ച 11 പാക് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
1. ഈ മാസം 9ന് കാബൂളിൽ പാകിസ്ഥാൻ ബോംബിട്ടത് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാണ്. അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോഴാണ് പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചത്. അഫ്‌ഗാൻ ഇന്ത്യയോട് അടുക്കുന്നത് തടയുക ലക്ഷ്യം.
2. തിരിച്ചടിയായി ശനിയാഴ്ച അഫ്ഗാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. 20 പാക് സുരക്ഷാ പോസ്റ്റുകളും പിടിച്ചെടുത്തു. തോർഖാം, ചമൻ, ഗുലാംഖാൻ തുടങ്ങി അഫ്‌ഗാനുമായുള്ള അതിർത്തി ക്രോസിംഗുകൾ പാകിസ്ഥാൻ അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |