മലപ്പുറം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ ഹോസ്റ്റലുകളുടെയും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവർത്തനം താളം തെറ്റുന്നു. പലയിടത്തും ഏതാനം ദിവസത്തേക്കുള്ള ഗ്യാസ് മാത്രമേ ബാക്കിയുള്ളൂ. ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുമായി ഏകദേശം 700ഓളം സ്ഥാപനങ്ങളാണ് ജില്ലയിലുളളത്. രണ്ടാഴ്ചയ്ക്ക് ശേഷം ഭക്ഷണം ലഭിക്കില്ലെന്ന് പലരും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ചിലർ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾ മുതൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ളത്.
പാചക വാതകം കിട്ടാനില്ലാത്തതോടെ ദോശ, ചപ്പാത്തി, സാമ്പാർ, കുറുമ എന്നിവയെല്ലാം ഭൂരിഭാഗം ഹോസ്റ്റലുകളും ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചട്ണിയാണ് രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം കൂടുതലായും നൽകുന്നത്. പ്രഭാത ഭക്ഷണമായി പുട്ടും പഴവും ബ്രെഡും ജാമും ബട്ടറുമാണ് കൂടുതലും നൽകിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാവുന്ന പേയിംഗ് ഗസ്റ്റ് ആയി തുടരുന്ന വീടുകളിൽ ഗ്യാസ് ഉപയോഗം പരാമവധി കുറയ്ക്കാണ് നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് കറികളൊക്കെ ലഭിച്ചിരുന്ന സ്ഥാനത്ത് ഹോസ്റ്റലുകളിൽ ഒരു കറി മാത്രമാണ് നൽകുന്നത്. പലയിടങ്ങളിലും ഗ്യാസിനായി ഹോസ്റ്റൽ അധികൃതർ വിളിച്ച് ചോദിക്കുന്നുണ്ടെങ്കിലും അനുകൂല മറുപടി ലഭിക്കുന്നില്ല. ഹോസ്റ്റലിലുള്ളവരെല്ലാം നല്ല സഹകരണമാണെന്നും വിശപ്പ് മാറാൻ എന്തെങ്കിലും നൽകിയാൽ മതിയെന്ന നിലപാടിലാണെന്നും അധികൃതർ പറയുന്നു.
രണ്ടാഴ്ചത്തേക്കുള്ള ഗ്യാസ് ആണ് നിലവിലുള്ളത്. 55 പേരാണ് ഇവിടെ താമസിക്കുന്നത്. ഗ്യാസ് ക്ഷാമം തുടർന്നാൽ ഭക്ഷണം നിറുത്തിവെയ്‌ക്കേണ്ട സ്ഥിതി വരും. പറ്റാവുന്നിടത്തെല്ലാം ഗ്യാസിനായി വിളിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല.
ശ്രീദേവി, ആതുരാശ്രമം വർക്കിംഗ് വിമൺ ഹോസ്റ്റൽ, കാവുങ്ങൽ
35 പേരാണ് ഇവിടെ താമസിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ എന്ത് ചെയ്യണമെന്നറിയില്ല. ഇവിടെയുള്ളവരെല്ലാം ഞങ്ങൾക്ക് വീട്ടുകാരെ പോലെത്തന്നെയാണ്. ആരെയും പട്ടിണിക്കിടാൻ പറ്റില്ല. നിലവിൽ ഭക്ഷണ മെനുവിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജാസ്മിൻ, പേൾ ലേഡീസ് ഹോസ്റ്റൽ ഉടമ, പെരിന്തൽമണ്ണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |