
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലും കുടുബവും താമസിച്ചിരുന്നത് സുരക്ഷിതമല്ലാത്ത വീട്ടിൽ. ഷീറ്റുമേഞ്ഞ വീട്ടിലെ ചുമരുകൾക്ക് കെട്ടുറപ്പുണ്ടായിരുന്നില്ല. മണ്ണുതേച്ച തറയിലൂടെ ഇഴജന്തുക്കൾ അകത്തേക്ക് കടന്നാൽ തിരിച്ചറിയാനാകില്ല. വീടിന് തൊട്ടടുത്ത് ചതുപ്പും കുറ്റിക്കാടുമായതിനാൽ ഇവിടെ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം കൂടുതലാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ തന്നെ ഇവ വളരെ പെട്ടെന്ന് വീട്ടിലേക്കും പരിസരത്തേക്കും എത്തുന്നു. പുതിയ വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്.

അമ്മൂമ്മയ്‌ക്കും അച്ഛന്റെ സഹോദരിക്കും ഒപ്പമാണ് ദിക്ഷൽ ഉറങ്ങാൻ കിടന്നത്. വ്യാഴാഴ്‌ച പുലർച്ചെ രണ്ടരയോടെ കാലിൽ എന്തോ കടിച്ചെന്ന് നിലവിളിച്ച് കുട്ടി എഴുന്നേറ്റതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. . കുട്ടിയുടെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.
അഴൂർ മൂലേൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മൂത്ത മകനാണ് ദിക്ഷൽ. നോബിൾ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |