തേഞ്ഞിപ്പലം: പെരുവള്ളൂർ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. നിലവിൽ എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം നേരത്തെ ഒരു കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ച കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരൻ പ്രവൃത്തി ആരംഭിക്കാനിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിഭാഗത്തിന് മെഡിക്കൽ ഓഫീസർ കത്ത് നൽകിയിട്ടുണ്ട്.
അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ പ്രസ്തുത കെട്ടിടവും പുതുതായി ഭരണാനുമതി ലഭിച്ച കെട്ടിട നിർമ്മാണവും ആരംഭിക്കാനാവൂ. അതേ സമയം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.87 കോടി രൂപ വകയിരുത്തി നിർമ്മിക്കുന്ന ഫ്രീ ഫാബ് കെട്ടിടം അടുത്ത മാസം നിർമ്മാണമാരംഭിക്കും. കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചാണ് പ്രസ്തുത ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്. നിർമ്മാണ ചുമതല തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |