പാലക്കാട്: വിഷുവും റംസാനും ഒരുമിച്ചെത്തിയതിന്റെ ആഹ്ളാദത്തിൽ പടക്ക വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഇത്തവണ വിപണിയിൽ പടക്കങ്ങൾക്ക് വ്യത്യസ്തത ഏറെയാണ്. ആറുമുതൽ 240 വരെ കളർ ഷോട്ടുകൾ ഉതിർക്കുന്ന പടക്കങ്ങളുണ്ട്.
ഹാപ്പി ദിനോസർ, ടിനി ഗൺ, സൈലിംഗ് മങ്കി, ഗുൾഫി, ക്രാക്ക് ടെയിൽ, കാൻഡി ക്രഷ്, മാജിക്കൽ മഷ്രൂം, ബിഗ് ഹൗണ്ടൻ, സ്വാറ്റ് കാട്സ്, ചെൽസെ എന്നിവയാണ് പ്രധാന താരങ്ങൾ. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
ശിവകാശി പടക്കങ്ങളാണ് വിഷു വിപണിയിൽ സജീവം. 20 രൂപ മുതൽ 300 രൂപ വരെ വില മതിക്കുന്ന പടക്കങ്ങൾ ലഭ്യമാണ്. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, ചക്രം, പൂക്കുറ്റി തുടങ്ങിയ പതിവ് ഐറ്റങ്ങൾക്കാണ്
കൂടുതൽ ചെലവ്. പത്ത് രൂപ മുതലുള്ള പൂക്കുറ്റികളും 200 രൂപ മുതലുള്ള മാലപ്പടക്കങ്ങളും 500, 1000, 1500, 2000 രൂപ വരെയുള്ള പടക്ക കിറ്റുകളും ലഭ്യമാണ്.
ശിവകാശിയിൽ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതൽ പടക്കമെത്തുന്നത്. ദിവസവും വൈകിട്ടോടെയാണ് വിപണി സജീവമാകുന്നത്. ഓൺലൈൻ വഴിയുള്ള പടക്ക വിപണനവും സജീവമാണ്. പാഴ്സൽ മുഖേനയും പടക്കമെത്തുന്നുണ്ട്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പടക്കം കിട്ടുമെന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. വിഷുദിനം അടുക്കുന്നതോടെ തിരക്ക് വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |