മംഗലംഡാം: മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തുകൾക്കും വലിയ ബാദ്ധ്യതയായി മാറുന്നു. അടുത്ത കാലത്തായി ടാറിംഗ് നടത്തിയ റോഡുകൾ ഉൾപ്പെടെ മിക്കവാറും പാതകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പിടൽ പുരോഗമിക്കുന്നത്.
വീതികുറഞ്ഞ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ ദുർബലമാകുന്നത്. ജെ.സി.ബിയുടെ സഹായത്തോടെ ചാല് എടുക്കുമ്പോൾ ബലക്കുറവുള്ള ടാറിംഗിൽ വിള്ളൽ രൂപപ്പെട്ട് അടർന്ന് നീങ്ങും. പാതയോരത്ത് ആഴത്തിലുള്ള ചാല് നിർമ്മിക്കുന്നത് മൂലം പലയിടത്തും വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
മഴ പെയ്താൽ വാഹനങ്ങൾ ചാലിൽ കുടുങ്ങി അപകട സാദ്ധ്യത ഏറെയാണ്. ഇപ്പോൾ പൊടിനിറഞ്ഞ് റോഡരികിലെ വീട്ടുകാർക്കൊന്നും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പൈപ്പിട്ട് പോകുന്നതിന് പിന്നാലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്തുകൾക്ക് ഫണ്ട് കണ്ടെത്തേണ്ടി വരും. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് മംഗലം ഡാം കുടിവെള്ള പദ്ധതി. ഡാമിലെ മണ്ണ് നീക്കി വെള്ളം സംഭരിക്കാനായാൽ മാത്രമേ കുടിവെള്ള പദ്ധതിക്കും വെള്ളമുണ്ടാകൂ.
അല്ലെങ്കിൽ മഴക്കാലത്ത് മാത്രം ജല വിതരണം നടത്തി വെള്ളത്തിന് കൂടുതൽ ആവശ്യം വരുന്ന വേനൽ മാസങ്ങളിൽ മറ്റു വഴി തേടേണ്ടി വരും. ജല ലഭ്യത ഉറപ്പുവരുത്താനായില്ലെങ്കിൽ 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൈപ്പിടലിൽ ഒതുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |