പാലക്കാട്: പറമ്പിക്കുളം- ആളിയാർ പദ്ധതിയിൽ നിന്ന് അർഹതപ്പെട്ട ജലം ലഭ്യമാകാത്തതിനാൽ ഒന്നാംവിള ഞാറ്റടി തയ്യാറാക്കാനാകാതെ കർഷകർ. ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ 40,000 ഏക്കർ സ്ഥലത്തെ ഒന്നാംവിള കൃഷിയാണ് ഇതോടെ പ്രതിസന്ധിയിലായത്. കരാർ പ്രകാരം 15 മുതൽ 30 വരെ ചിറ്റൂർപ്പുഴയിലേക്ക് 400 ദശലക്ഷവും ജൂൺ ആദ്യപകുതി 180 ദശലക്ഷവും ഘനയടി ജലം ലഭ്യമാക്കണം. വെള്ളം ഉറപ്പാക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വെള്ളത്തിന്റെ കുറവ് ചിറ്റൂർപ്പുഴയിലെയും ഭാരതപ്പുഴയിലെയും ശുദ്ധജല പദ്ധതികളെയും പ്രതികൂലമായി ബാധിച്ചു.
ജൂൺ 30നകം നടീൽ നടത്തണം
ഭൂരിഭാഗം കർഷകരും ഒന്നാംവിളയ്ക്ക് വയലൊരുക്കി വെള്ളത്തിനായി കാത്തിരിപ്പിലാണ്. പദ്ധതിപ്രദേശത്ത് 16,000 ഹെക്ടറിലാണ് നെൽകൃഷി. ഇതിൽ നല്ലൊരു ഭാഗവും നടീലാണ് നടത്തുന്നത്. ജൂൺ 30നകം നടീൽ നടത്തണം. അതിന് കഴിഞ്ഞില്ലെങ്കിൽ രണ്ടാം വിളയെയും ബാധിക്കും. ഒന്നാംവിളയിറക്കേണ്ട സമയമായിട്ടും വെള്ളം ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിലാണ്. ഇക്കാര്യത്തിൽ കർഷക സംഘടനകളടക്കം വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്ന് കൃഷിക്കാർ പരാതിപ്പെടുന്നു.
അർഹമായ വെള്ളം നിഷേധിക്കുന്നു
തമിഴ്നാട് പറമ്പിക്കുളം ഡാമിൽ നിന്ന് വെള്ളം എത്തിച്ച് തിരുമൂർത്തി അണക്കെട്ട് നിറച്ചിട്ടുണ്ട്. പറമ്പിക്കുളം ഡാമിന്റെ മദ്ധ്യത്തിലെ ഷട്ടർ തകർന്നതിനാൽ 6 ടി.എം.സി വെള്ളം നഷ്ടപ്പെട്ടിരുന്നു. ഇക്കാരണം പറഞ്ഞാണ് കേരളത്തിനർഹമായ വെള്ളം നിഷേധിക്കുന്നത്.
പറമ്പിക്കുളം ഡാമിൽ ഇപ്പോഴും 6.3 ടി.എം.സി ജലമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ഡാമിന്റെ സുരക്ഷയ്ക്കുള്ള കരുതൽ ശേഖരം ഒഴിച്ചുനിറുത്തിയാലും 1.3 ടി.എം.സി ജലം ഉപയോഗിക്കാം. ആളിയാറിൽ 900 ദശലക്ഷം ഘനയടി ജലമുണ്ട്. ഇതിൽ 600 എം.സി.എഫ്.ടി ജലം ഉപയോഗിക്കാം.
അനങ്ങാതെ തമിഴ്നാട്
ആളിയാറിൽ നിന്നാണ് ഞാറ്റടിക്ക് വെള്ളം കിട്ടേണ്ടത്. വെള്ളമാവശ്യപ്പെട്ട് തമിഴ്നാടിന് 12ന് കത്ത് നൽകിയെങ്കിലും മറുപടി പോലുമില്ല. തമിഴ്നാടിന്റെ നിലപാടിനെ കുറിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |