പട്ടാമ്പി: നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ താളയോലകളുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുത്ത് നടത്തുകയാണ് ഗവ.സംസ്കൃത കോളേജ് മുൻ ലൈബ്രേറിയൻ എസ്.അഴഗിരി. ഇതിനായി പുന്നശേരി നമ്പിയുടെയും അഴഗിരിയുടെ മുത്തശ്ശനായ നാഗർകോവിലിലെ മുരുകൻ ജ്ഞാനിയാരുടെയും പേരിൽ ഒരു ട്രസ്റ്റിനും അദ്ദേഹം രൂപംകൊടുത്തു.
പുന്നശേരിയുടെ കൂടുതൽ താളയോല ഗ്രന്ഥങ്ങൾ കണ്ടെത്തുക, പ്രിന്റ് ചെയ്യുക, ചരിത്രം, വട്ടെഴുത്ത്, ഗ്രന്ഥലിപി, പഴയ മലയാളം തുടങ്ങിയവ പഠിപ്പിക്കുക എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. നമ്പിയുടെ ആദ്യ ശിഷ്യരിലൊരാളായ കുട്ടി എഴുത്തച്ഛന്റെ പേരമകൻ ഇ.പി.ഭാസ്കരഗുപ്തന്റെ വീട്ടിൽ നിന്നും മറ്റുമായി ലഭിച്ച പുന്നശേരിയുടെയടക്കം അമ്പതോളം താളയോല ഗ്രന്ഥങ്ങൾ അഴഗിരിയുടെ കൈയിലുണ്ട്. പുന്നശേരിയുടെ ശിവപുരാണം കണ്ടെടുത്തെങ്കിലും മറ്റു പല കൃതികളും ഇന്ന് ലഭ്യമല്ല.
താളയോല ലിപികൾ പഠിക്കാനും സംരക്ഷിക്കാനുമായി ഗവേഷണ വിദ്യാർത്ഥികളടക്കം 16 ശിഷ്യർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഴഗിരിയെ തേടിയെത്തുന്നു. പട്ടാമ്പി ലയൺസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഇർഷാദ്, സാമൂഹിക പ്രവർത്തകൻ ഡോ.കെ.പി.മുഹമ്മദ്കുട്ടി, ഡോ.സി.എം.നീലകണ്ഠൻ എന്നിവർ ഉദ്യമത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംരക്ഷണം ഏറെ ശ്രദ്ധയോടെ
പുൽതൈലവും ടിഷ്യു പേപ്പറും ചില കെമിക്കലുകളും ഉപയോഗിച്ചാണ് താളയോല സംരക്ഷിക്കുന്നത്. താളയോലകളിൽ നിന്ന് ജ്യോതിഷവും ജാതകവും മാത്രമല്ല, കടമ്പഴിപ്പുറം ഭാഗത്തെ ഒരു ഭൂമിയുടെ ആധാരവും കണ്ടെത്തിയിട്ടുണ്ട്. രാജമുദ്രയുള്ള ആധാരത്തിന് 200 വർഷത്തലേറെ പഴക്കമുണ്ട്.
താളയോലകൾ കാലഗണനയനുസരിച്ച് ഒരുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് നിസാര കാര്യമല്ല. പുന്നശേരിയുടെ അടക്കം പഴയ താളിയോലകൾ ശേഖരിക്കുന്നത് തുടരും. ഇവ ഡിജിറ്റൽ ചെയ്യുന്നതിന് മാതാ അമൃതാനന്ദമയി ഗ്രൂപ്പ് സഹായമേകാമെന്ന് അറിയിച്ചിട്ടുണ്ട്.
-എസ്.അഴഗിരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |