പാലക്കാട്: അനധികൃത വൈദ്യുതി വേലി സംബന്ധിച്ച് പരാതി വരുന്നിടത്തും പ്രശ്നസാദ്ധ്യതാ പ്രദേശങ്ങളിലും പരിശോധന കർശനമാക്കും. കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊലീസ് എന്നിവർ പരാതികളിൽ പരിശോധന നടത്തും. മൂന്നുമാസത്തിനടിയിൽ പരമാവധി കേസുകൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കും.
അനധികൃത വൈദ്യുതി വേലി കണ്ടെത്തുന്നതിനായി ലൈൻമാൻ, മീറ്റർ റീഡേഴ്സ് എന്നിവർക്ക് നിർദേശം നൽകും. കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ കർഷക സമിതി യോഗങ്ങൾ വിളിച്ച് ബോധവത്കരണം നടത്തും.
വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയോടെ വൈദ്യുതി വേലി സ്ഥാപിക്കണം. ഇലക്ട്രിക് ഫെൻസ് എനർജൈസർ ഉപയോഗിച്ച് മാത്രമേ വൈദ്യുതി വേലി സ്ഥാപിക്കാവൂ. ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി മാത്രമേ ഇലക്ട്രിക് ഫെൻസ് എനർജൈസർ നൽകാവൂ. മൃഗങ്ങൾ കുടുങ്ങികിടക്കാത്ത വിധം വേലി ശാസ്ത്രീയമാകണം. ലോഹ മുള്ളുവേലി ഉപയോഗിക്കരുത്.
വൈദ്യുത വേലി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിലാണ് നൽകേണ്ടത്. ഇൻസ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം അനുമതി ലഭിക്കും.
വേലിയിൽ മുന്നറിയിപ്പ് വേണം
മുന്നറിയിപ്പ് സംവിധാനം വേലിയുടെ പലഭാഗങ്ങളിലായി നൽകണം. വീട്ടിൽ നിന്നോ കാർഷിക കണക്ഷനിൽ നിന്നോ കെ.എസ്.ഇ.ബി ലൈനിൽ നിന്നോ വേലിയിലേക്ക് വൈദ്യുതി നൽകരുത്. വന്യമൃഗങ്ങളെ പിടികൂടാൻ വൈദ്യുതി ഉപയോഗിക്കരുത്.
കർശന നടപടി
നിയമവിരുദ്ധ വേലി മൂലം മനുഷ്യ ജീവന് അപകടം വരുത്തിവെക്കുന്ന സാഹചര്യമുണ്ടായാൽ കർശന നിയമ നടപടി സ്വീകരിക്കും. വൈദ്യുതി നിയമം 2003ലെ 135 വകുപ്പ് പ്രകാരം മൂന്നുവർഷം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം 304/304 എ പ്രകാരവും വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമുള്ള മറ്റ് ശിക്ഷാ നടപടികളും പിഴയുമുണ്ടാകും.
അനുമതി നേടാം
വൈദ്യുതി വേലിക്ക് ഗുണനിലവാരമുള്ളതും അംഗീകൃത ലാബിന്റെ ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളതുമായ ഇലക്ട്രിക് ഫെൻസ് എനർജൈസർ മാത്രമേ ഉപയോഗിക്കാവൂ. ഇലക്ട്രിസിറ്റി ലൈൻസിംഗ് ബോർഡിന്റെ അംഗീകൃത ബി ക്ലാസ് കോൺട്രാക്ടറുടെ സേവനം തേടാം.
അന്വേഷണങ്ങൾക്ക്
ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കാര്യാലയം, രണ്ടാംനില, നൈനാൻസ് കോംപ്ലക്സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട്, 678001. ഫോൺ: 04912972023.
കാട്ടുപന്നികളെ കുടുക്കുന്നതിനായി സ്ഥാപിക്കുന്ന വൈദ്യുതി വേലി നിമിത്തം ആളുകൾ ഷോക്കേറ്റ് മരിക്കുന്ന സംഭവം ഏറെ ഗൗരവകരമാണ്. മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണ്. അനധികൃത വൈദ്യുതി വേലി സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഡോ.എസ്.ചിത്ര, ജില്ലാ കലക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |