പാലക്കാട്: വോട്ടർമാരുടെ വിരലിൽ മഷി പുരട്ടാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കർഷകനായ മങ്കര പൂലോടി കാങ്കത്ത് വീട്ടിൽ കെ.ആർ.സഹദേവൻ.
വർഷങ്ങൾക്ക് മുമ്പ് ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കൃഷിയിലേക്ക് മാറി. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. തന്റെ കൃഷിപ്പണികൾ കഴിഞ്ഞ് കിട്ടുന്ന സമയം കൊണ്ട് കാറ്റത്ത് പ്രവർത്തിക്കുന്ന ക്ലോക്ക്, കൂളിംഗ് ഹെൽമറ്റ്, കൂളിംഗ് കുട എന്നിവയും ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
മൂന്നുമാസത്തെ പരിശ്രമം കൊണ്ടാണ് മഷി പുരട്ടാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തത്. കുറെ കാലമായി മനസിൽ ഈ ആശയം ഉദിച്ചിട്ട്. ഇതിന്റെ നിർമ്മാണത്തിന് ഏകദേശം 2000 രൂപയായി. സഹദേവൻ പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇത്തരം കണ്ടുപിടിത്തത്തിൽ തന്റേതായ വൈദഗ്ദ്ധ്യം പതിവായി പ്രകടമാക്കാറുണ്ട്.
ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാനായി ആന്റി കോലിഷൻ ഡിവൈഡ് കമ്പ്യൂട്ടർ സിഗ്നൽ സംവിധാനവും ബോഗികൾ വേർപെടുന്നത് ഒഴിവാക്കാൻ ഡിറെയ്ലിംഗ് എന്നിവയും അതിന്റെ മാതൃകയും രേഖയും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
എ.ടി.എം മെഷീനിൽ നിന്ന് പണം മോഷ്ടിക്കുന്നത് തടയാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
തന്റെതായ കഴിവുകൾ പലരും ചൂഷണം ചെയ്ത അനുഭവമുണ്ടെന്ന് സഹദേവൻ പറയുന്നു. ഭാര്യയും മകനും പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |