ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്തിലെ മാന്നനൂർ ഉരുക്കു തടയണയുടെ സമീപം പുഴയുടെ തീരത്ത് വീണ്ടും മണ്ണിടിച്ചിൽ. പുഴയുടെ ഒഴുക്ക് ഗതിമാറിയ ഭാഗങ്ങളിലെ വശങ്ങളാണ് ഇടിയുന്നത്. ഇനിയും മഴതുടർന്നാൽ കൂടുതൽ ഭാഗങ്ങളിൽ കൃഷിഭൂമി ഇടിയുന്ന സ്ഥിതിയാണ്. മാന്നനൂർ ഭാഗത്തായി ഏകദേശം 20 മീറ്റർ സ്ഥലത്താണ് മണ്ണിടിയുന്നത്. നേരത്തേ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് താത്കാലിക സംരക്ഷണവേലി ഒരുക്കിയിരുന്നു. മുളയും വലകളും ഉപയോഗിച്ച് മണ്ണിടിച്ചിൽ തടയാനായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ മഴ പെയ്തതോടെ ഇവിടങ്ങളിൽ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണ്. സമീപത്തെ കൃഷിഭൂമിയും പുഴയിലേക്ക് ഇടിഞ്ഞിരുന്നു. പാടശേഖരങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് പരന്നൊഴുകുന്നത് മണ്ണിടിച്ചിൽ വർദ്ധിക്കാൻ കാരണമാകുന്നു.
2018ലെയും 2019ലെയും പ്രളയകാലത്താണ് തടയണയുടെ മാന്നനൂർഭാഗം തകർന്നത്. ഇതോടെ പുഴ ഗതിമാറി ഒഴുകുകയായിരുന്നു. ഉരുക്ക് തടയണയുടെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ പുഴയുടെ ഒഴുക്ക് ഗതിമാറിയ നിലയിലാണ്. നിലവിൽ നിർമാണം നടത്തിയിരുന്ന ഭാഗത്തുകൂടിയാണ് പുഴയുടെ ഒഴുക്ക്. ഇവിടെ പണി പൂർത്തിയായ ഒരു സംരക്ഷണഭിത്തി ശക്തമായ ഒഴുക്കിനെത്തുടർന്ന് വീണിരുന്നു. ഇതോടെ പുഴയിൽനിന്ന് വെള്ളം മണ്ണിടിഞ്ഞഭാഗങ്ങളിൽ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. 12 കോടി രൂപ ചെലവിട്ട് ആരംഭിച്ച ഉരുക്ക് തടയണയുടെ സംരക്ഷണഭിത്തി പുനർനിർമാണം പുഴയിലെ ഒഴുക്ക് കാരണം നിർത്തിവെച്ചിരിക്കുകയാണ്. ഇനി മഴക്കാലം കഴിഞ്ഞേ പണി നടക്കൂ. ഇതിനിടെയാണ് മണ്ണിടിഞ്ഞ് വീണ്ടും നാശനഷ്ടം ഉണ്ടാവുന്നത്.
മാന്നനൂർ ഉരുക്ക് തടയണയുടെ തീരഭാഗം ഇടിഞ്ഞ് വീണ നിലയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |