പാലക്കാട്: ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാകാതെ കിടന്നിരുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ താലൂക്ക് തലങ്ങളിൽ നടത്തിയ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകൾ പാലക്കാട് ജില്ലയിൽ പൂർത്തിയായി. 2023ൽ നടത്തിയ അദാലത്തുകളുടെ തുടർച്ചയായി രണ്ടാം ഘട്ടമെന്ന നിലയിലാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും അദാലത്ത് നടത്തിയത്. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
അദാലത്തിൽ പരിഗണിക്കുന്നതിനായി മുൻകൂറായി ഓൺലൈൻ വഴി പരാതികൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ ഏഴ് താലൂക്കുകളിലായി മുൻകൂർ ലഭിച്ച 2351 പരാതികളിൽ 1684 പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. 443 പരാതികൾ പരിഗണനാ വിഷയം അല്ലാത്തതിനാൽ തള്ളി. വിവിധ താലൂക്കുകളിലെ അദാലത്ത് വേദികളിലായി ആകെ 2401 പുതിയ പരാതികൾ ലഭിച്ചു. ഇവ ഉൾപ്പെടെ ആകെ 4752 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇവയിൽ അവശേഷിക്കുന്ന പരാതികൾ രണ്ടാഴ്ചക്കകം തീർപ്പാക്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാലങ്ങളായി പരിഹരിക്കപ്പെടാതിരുന്ന അനേകം കേസുകളാണ് അദാലത്തിൽ പരിഹരിച്ചത്.
ഭിന്നശേഷിക്കാരുടെ വിഷയങ്ങൾ, ചികിത്സാ സഹായം, മുൻഗണന റേഷൻ കാർഡുകളുടെ വിതരണം എന്നിങ്ങനെ മുന്നിലെത്തിയ എല്ലാ വിഷയങ്ങളിലും മന്ത്രിമാർ പരിഹാരം നിർദേശിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം കിട്ടിയ ആശ്വാസത്തിലാണ് പരാതിക്കാർ മടങ്ങിയത്. വിപുലമായ ഒരുക്കങ്ങളാണ് അദാലത്തിനായി ഓരോ താലൂക്കിലും ഒരുക്കിയത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്തുകളിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർക്ക് പുറമേ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര, ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, പാലക്കാട് ആർ.ഡി.ഒ എസ്.ശ്രീജിത്ത്, എ.ഡി.എം കെ.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |