പാലക്കാട്: ജില്ലാ ആസ്ഥാനത്ത് മികച്ച കളിക്കളമില്ലെന്ന പരാതികൾക്കിടയിൽ നാല് പതിറ്റാണ്ട് മുമ്പ് പാലക്കാട് നഗരസഭ പണികഴിപ്പിച്ച ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം മത്സരങ്ങളൊന്നുമില്ലാതെ കാടുപിടിച്ചു കിടക്കുന്നു. പത്തേക്കറോളം സ്ഥലത്തെ സ്റ്റേഡിയം തുടക്കത്തിൽ മത്സരങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കുമെല്ലാം വേദിയായി തുടങ്ങിയതോടെ കളിസ്ഥലം ഇല്ലാതെയായി. 1994-95 വരെ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം പിന്നീട് കൈമാറിപ്പോയതോടെയാണ് തകർച്ചയിലേക്കു നീങ്ങിയത്. 1988ൽ ദേശീയ ജൂനിയർ ഫുട്‌ബാൾ മത്സരമാണ് സ്റ്റേഡിയത്തിന്റെ കളിയാരവത്തിന് തുടക്കമിട്ടത്. സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെന്റും സംസ്ഥാന കായികമേളയും ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടന്ന നഗര മധ്യത്തിലെ സ്റ്റേഡിയം ഇപ്പോൾ എക്സിബിഷൻ മൈതാനമാക്കിയെന്ന് പറഞ്ഞ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. നഗരസഭയുടെ പിടിപ്പുകേടുമാണ് സ്റ്റേഡിയത്തിന്റെ
സ്ഥിതി ഈ നിലയിലാവാൻ കാരണമെന്നാണ് പ്രധാന ആരോപണം. പാലക്കാടിന് അനുവദിച്ച ജില്ലാ സ്റ്റേഡിയം പദ്ധതി സ്ഥലപരിമിതികൾ കാരണം കടലാസിൽ ഒതുങ്ങിനിൽക്കുകയാണ്. ഈ പദ്ധതി ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയാൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും വികസനത്തിനും വഴി തെളിയുമെന്നും മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ തന്നെ സ്റ്റേഡിയത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ തുടരാമെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഇതിനുള്ള മറുപടിയിൽ മന്ത്രി എം.ബി.രാജേഷ് മുനിസിപ്പാലിറ്റി സമ്മതിച്ചാൽ പദ്ധതി ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് മറ്റാൻ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും മുനിസിപ്പാലിറ്റി അനുകൂലമായ നടപടിയും എടുത്തിട്ടില്ലെന്ന് കളിയാരാധകർ ആരോപിക്കുന്നു.
ജില്ലാ സ്റ്റേഡിയം പദ്ധതി ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടപ്പാക്കിയാൽ ജില്ലാ ആസ്ഥാനത്തു മികച്ച സ്റ്റേഡിയം വരും. സന്തോഷ് ട്രോഫി അടക്കമുള്ള ഫുട്‌ബാൾ ചാമ്പ്യൻഷിപ്പുകൾക്കും വേദിയാക്കാം. വേണ്ടത്ര സ്ഥലവും ഉണ്ട്. പക്ഷെ അധികാരികൾ അതിനു തയ്യാറാകുന്നില്ല.
മണികണഠൻ, ഓട്ടോറിക്ഷ ഡ്രൈവർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |