നെന്മാറ: വേനൽ അവധിക്ക് ഒരുമാസം മാത്രം ബാക്കി നിൽക്കെ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പല ശിൽപങ്ങൾക്കും കേടുപാടുകൾ വന്നുതുടങ്ങി. പ്രവേശന കവാടം കടക്കുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നൃത്തശിൽപം ഉൾപ്പെടെ പല കോൺക്രീറ്റ് ശിൽപങ്ങളും വിണ്ടുകീറിയ നിലയിലാണ്. നെല്ലിയാമ്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഉദ്യാനം അറ്റകുറ്റപ്പണി നടത്തി മെച്ചപ്പെട്ട രീതിയിൽ പരിപാലിക്കാനുള്ള ചുമതല ജലസേചന വകുപ്പിനാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചുമതലയിൽ സാഹസിക റൈഡുകളും മറ്റും ഉണ്ടെങ്കിലും പ്രവേശന ഫീസ് നൽകി എത്തുന്നവരെ ആകർഷിക്കത്തക്കവിധം ഉദ്യാനം മോടിപിടിപ്പിച്ചിട്ടില്ലെന്ന് സന്ദർശകർക്ക് വ്യാപക പരാതിയുണ്ട്. നൃത്തശിൽപത്തിൽ കോൺക്രീറ്റ് ചെയ്തു നിർത്തിയ കൈ പൊട്ടിയ നിലയിലാണ്. പാമ്പാട്ടിയുടെ ശിൽപത്തിലുള്ള പാമ്പിന്റെ രൂപവും വിണ്ടുകീറിയിട്ടുണ്ട്. പെയിന്റ് ഇളകിപ്പോയ ശിൽപങ്ങൾ സന്ദർശകർക്ക് ആകർഷകമല്ലാതായി.
വർഷം തോറും അറ്റകുറ്റപ്പണി നടത്താൻ നീക്കിവച്ച ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണു കേടുപാടുകൾ തീർക്കാനും കൂടുതൽ മോടിപിടിപ്പിക്കാനും കഴിയാതെ വരുന്നതെന്നു ഡാം അസി.എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഉദ്യാനത്തിൽ രണ്ടു വർഷം മുമ്പ് സാഹസിക റൈഡിംഗ് കൂടി ആരംഭിച്ചതോടെ സന്ദർശകർ കൂടിയെങ്കിലും വിനോദ സഞ്ചാരികൾ എത്താറുള്ള ഉദ്യാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
ഉപകാരമില്ലാതെ ജിംനേഷ്യം
ഉദ്യാനത്തിൽ അത്യാവശ്യ വ്യായാമം ചെയ്യാൻ കഴിയുന്ന വിധത്തിൽ ജിംനേഷ്യം ഉണ്ടെങ്കിലും പലതിനും കേടുപാടുകൾ ഉണ്ട്. മാത്രമല്ല അതിരാവിലെ വ്യായാമത്തിനായി ഇറങ്ങുന്ന സമയത്ത് അടഞ്ഞു കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് ജിംനേഷ്യം ഉപകാരപ്പെടുന്നുമില്ല. സമയം ക്രമീകരിച്ചു ജിംനേഷ്യം മാത്രം തുറന്നുകിട്ടണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
വികസന പദ്ധതിക്കുള്ള പദ്ധതി രേഖ തയാറാക്കുന്നുണ്ട്
ഡാമിനോടു ചേർന്നു കിടക്കുന്ന ജലസേചന വകുപ്പിന്റെ സ്ഥലത്ത് ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ നിവേദനം സമർപ്പിച്ചതിനൊടുവിൽ കഴിഞ്ഞ ദിവസത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ വിനിയോഗം സംബന്ധിച്ചു വിശദമായ പദ്ധതി രേഖ തയാറാക്കാനുണ്ടെന്നു ഡിസ്‌ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ(ഡി.ടി.പി.സി) സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |