വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ നിർദിഷ്ട മലയോര ഹൈവേ മലയോര മേഖല ഒഴിവാക്കി നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത പന്തലാംപാടത്ത് നിന്നു മുതലമട സംസ്ഥാന പാതയിലെത്തുന്ന അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് മലയോര ഹൈവേ. ഇതിൽ നിന്ന് മലയോര മേഖല ഒഴിവാക്കി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കുമ്പളക്കോട്, വിത്തനശേരി മുതൽ വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെ സംസ്ഥാന പാതയിലേക്ക് ലയിപ്പിച്ച് നിർമ്മിക്കാനുള്ള സർവേകളാണ് പുരോഗമിക്കുന്നത്. ഇപ്രകാരം ഹൈവേ പൂർത്തിയായാൽ നെന്മാറ, അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ മലയോര മേഖലകൾക്ക് ഹൈവേ സൗകര്യം ലഭ്യമല്ലാതാകും. തെന്മലയോരത്തുള്ള പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളും നവീകരിച്ച് മലയോര ഹൈവേയാക്കാനായിരുന്നു പ്രാഥമിക പഠനം നടത്തിയത്. പനങ്ങാട്ടിരി നിന്നും എലവഞ്ചേരി, പറശേരി, കണ്ണോട് കൊടുവാൾപാറ, അളുവശേരി, പോക്കാൻമട വഴി പോത്തുണ്ടിയിലും പിന്നീട് കോതശേരി, മാട്ടായി, തളിപ്പാടം, കരിമ്പാറ, ഒലിപ്പാറ, കുളികടവ് വഴി മംഗലംഡാമിലും തുടർന്ന് വക്കാല, അമ്പിട്ടൻതരിശ്, കൊന്നക്കൽകടവ്, കോരഞ്ചിറ, കണക്കൻതുരുത്തി, വാൽക്കുളമ്പ് വഴി പന്തലാംപാടം ദേശീയപാതയിലും എത്തിക്കാനാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇതുമാറ്റിയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മലയോരമേഖലകളിൽ കൂടി നിർമ്മാണം നടത്തിയാൽ നിലവിൽ മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും മലയോര മേഖലകളിൽ ഉള്ളവർക്ക് ദേശീയപാതയിലേക്ക് നെന്മാറ, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ, വടക്കഞ്ചേരി ടൗണുകളിലെ തിരക്കൊഴിവാക്കി കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവ തൃശൂർ, എറണാകുളം മാർക്കറ്റുകളിലേക്ക് എത്തിക്കാനും സാധിക്കും. നിലവിൽ ഈ മേഖലയിലെ മിക്ക റൂട്ടുകളിലും ബസ് ഗതാഗതവും ഉണ്ട്. പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരിമേടുനിന്നും മുതലമട പഞ്ചായത്തിലെ നെടുമണി വരെയാണ് മൂന്നാം റീച്ചിൽ നിർമ്മാണത്തിന് പദ്ധതി ഇട്ടിരിക്കുന്നത്. കൊല്ലങ്കോട് പഞ്ചായത്തിലെ നെടുമണി മുതൽ ചീരണി, പയ്യലൂർ വഴി എലവഞ്ചേരി പഞ്ചായത്ത് പനങ്ങാട്ടിരി വഴി കുമ്പളക്കോട് വരെ നാലാം റീച്ചുമാണ് നിർമിക്കുന്നത്. നാലാം റീച്ചിൽ മുതലമട പഞ്ചായത്ത് കാമ്പ്രത്ത്ചള്ളയിൽ നിന്നും ചുള്ളിയാർ ഡാം, നെടുമണി വഴി പനങ്ങാട്ടിരിയിലേക്ക് എത്തിയാൽ പഴനി, പൊള്ളാച്ചി യാത്രക്കാർക്ക് ചുങ്കം, ആനമല, വേട്ടക്കാരൻപുതൂർ, ചെമ്മണാമ്പതി, നെടുമണി വഴി പനങ്ങാട്ടിരിയിലേക്ക് എത്തിച്ചേരാൻ എളുപ്പവഴിയാകും. തിരിച്ച് പറമ്പിക്കുളം, വാൽപ്പാറ മേഖലയിലേക്കും ദൂരം കുറയ്ക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |