പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരത്തുക വിതരണവും അവസാന ഘട്ടത്തിൽ. പദ്ധതിക്കായി ഇനി ഏറ്റെടുക്കാനുള്ളത് 30 ഹെക്ടർ ഭൂമിയാണ്. ഇതിൽ 20 ഹെക്ടറോളം സ്വകാര്യ ഭൂമിയും 10 ഹെക്ടർ വനഭൂമിയുമാണ്. 1,755.88 കോടി രൂപയാണ് സ്ഥലമേറ്റെടുപ്പിനായും നഷ്ടപരിഹാരത്തുക വിതരണത്തിനായും കേന്ദ്രം പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുമുഴുവൻ വിതരണം ചെയ്തിട്ടുണ്ട്.
45 മീറ്റർ വീതിയിലാണ് ഗ്രീൻഫീൽഡ് പാതയ്ക്കായി സ്ഥലമേറ്റെടുത്തിട്ടുള്ളത്. നാലുവരിപ്പാതയാണ് നിർമ്മിക്കുന്നത്.
പാലക്കാട് ജില്ലയിൽ മരുതറോഡ് മുതൽ മലപ്പുറം ജില്ലാ അതിർത്തി പങ്കിടുന്ന അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര വരെയുള്ള 21 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. ആകെ 61.4 കിലോമീറ്ററാണ് ദൂരം. ഇതിൽ 276 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ലാൻഡ് റവന്യൂ, സാമൂഹിക വനവത്കരണവിഭാഗം, പൊതുമരാമത്ത് വിഭാഗം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ പൂർത്തീകരിക്കുന്നത്. ഭൂമി ഏറ്റെടുത്ത സമയത്ത് സർവേ നമ്പറുകൾ ഇല്ലാതിരുന്നതും സർവേയിൽ വിട്ടുപോയതുമായ സ്ഥലങ്ങളാണ് 20 ഹെക്ടറിലുൾപ്പെടുന്നത്. മൂന്നാംഘട്ട വിജ്ഞാപന പ്രകാരം ഈ ഭൂമിയുടെ വിലനിർണയം നടത്തി ദേശീയപാതാ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
മലമ്പുഴ ഒന്ന്, അകത്തേത്തറ, മുണ്ടൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലൂടെയാണ് വനാതിർത്തി പങ്കിടുന്നത്. നാലുവില്ലേജുകളിലായാണ് 10 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടത്. ഇതിന്റെ സർവേനടപടി തുടങ്ങിയിട്ടില്ല. ഇതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിരാക്ഷേപപത്രം ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. ഏറ്റെടുക്കുന്ന വനഭൂമി സംബന്ധിച്ചുള്ള വിവരം പ്രസിദ്ധീകരിക്കാൻ അതത് പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത് പ്രസിദ്ധപ്പെടുത്തി ഒരുമാസം കഴിഞ്ഞാൽ സർവേ പൂർത്തിയാക്കി ഭൂമി കൈമാറും.
നിലവിലുള്ള സ്വകാര്യഭൂമിയുടെയും വനഭൂമിയുടെയും ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ 98 ശതമാനം പ്രവൃത്തിയും പൂർത്തിയാകുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭ്യമായാൽ ദർഘാസ് നടപടി പൂർത്തീകരിച്ച് നിർമ്മാണത്തിലേക്ക് കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |