കഞ്ചിക്കോട്: വാളയാർ, കഞ്ചിക്കോട് വനമേഖലകളിൽ നിന്നും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായി തടയാൻ കോൺക്രീറ്റ് വേലി സ്ഥാപിക്കണമെന്ന് വനം വകുപ്പ്. ആനശല്യം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് വനം വകുപ്പ് ഇങ്ങിനെയൊരു നിർദ്ദേശം വെച്ചിരിക്കുന്നത്.
ആനകളെ തടയാൻ കഴിയുന്ന സാഹചര്യമല്ല നിലവിൽ എന്ന് തുറന്ന് സമ്മതിച്ചാണ് പുതിയ നിർദ്ദേശം. ദേശീയപാതയരികിൽ നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് വേലിക്ക് സമാനമായ വേലി വനം അതിർത്തിയിൽ സ്ഥാപിക്കണം എന്നാണ് വനം വകുപ്പിന്റെ ശുപാർശ. റെയിൽപാളം നിർമ്മിക്കാനുപയോഗിക്കുന്ന ഇരുമ്പ് പാളങ്ങൾ എട്ടടി നീളത്തിൽ മുറിച്ച് കുത്തനെ സ്ഥാപിച്ച് കോൺക്രിറ്റ് ചെയ്യുകയും ഇവക്ക് കുറുകെ രണ്ടുവരിയായി ഇരുമ്പ് പാളങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ്.
കോടികൾ ചെലവ് വരുന്ന പദ്ധതിയാണിത്.
കഴിഞ്ഞ കുറെ കാലങ്ങളായി വാളയാർ, കഞ്ചിക്കോട് മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ആനകൾ കാടിറങ്ങുന്നത്. തീവണ്ടി തട്ടി ആനകൾ ചരിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആനകളുടെ ആക്രമണത്തിൽ മനുഷ്യ ജീവനും പൊലിഞ്ഞിട്ടുണ്ട്. സ്ഥിരം പ്രശ്നമായിട്ടും ശാശ്വത പരിഹാരം കാണാനായിട്ടില്ല. കഴിഞ്ഞ കുറെ ആഴ്ച്ചകളായി ആനകൾ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്നത് പതിവായതോടെയാണ് ഇങ്ങിനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഭാവിയിൽ ആന ഭീഷണി ഇല്ലാതാക്കാൻ ഇതു കൊണ്ട് കഴിയും എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
വനം വകുപ്പ് നിർമ്മിച്ച സൗരോർജ്ജ വേലി തകർത്താണ് നിത്യേന ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. വനം ഉദ്യോഗസ്ഥർ എത്തമ്പോഴേക്കും ആനകൾ നാശനഷ്ടം ഉണ്ടാക്കി കഴിഞ്ഞിരിക്കും. ആനകളെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയെന്ന ദൗത്യം മാത്രമാണ് ഉദ്യോഗസ്ഥർ നിർവ്വഹിക്കുന്നത്.
ആനകൾ വിള നശിപ്പിക്കുന്നത് പതിവായതോടെ പഞ്ചായത്ത് നിർദ്ദേശ പ്രകാരം ജനകീയ സമിതികൾ രൂപീകരിച്ച് പകലും രാത്രിയും ആനകൾ വരുന്നത് തടയാൻ കാവൽ നിൽക്കുകയാണ്. ജനകീയ സമിതിയും വനം വകുപ്പും കൈകോർത്ത് ജനങ്ങളുടെ ഭീതിയകറ്റാൻ രംഗത്തിറങ്ങിയിട്ടുണ്ട്. പടക്കം പൊട്ടിച്ചും തീകത്തിച്ചും ആനകൾ വരുന്നത് തടയുകയാണ് ചെയ്യുന്നത്. കോൺക്രീറ്റ് വേലിക്ക് സർക്കാർ അനുമതി കിട്ടിയാലും യാഥാർത്ഥ്യമാകാൻ നാലോ അഞ്ചോ വർഷമെടുക്കും. അതുവരെ വാളയാർ കഞ്ചിക്കോട് ജനത ഈ ദുരിതം സഹിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |