കാളികാവ്: കടുവാ ഭയം മൂലം പ്രവർത്തനം താളം തെറ്റിയ പുല്ലങ്കോട് എസ്റ്റേറ്റിനു വിനയായത് വിട്ടു കൊടുത്ത സ്വന്തം ഭൂമി. വനം വകുപ്പിന്റെ അധീനതയിലുള്ളതും എസ്റ്റേറ്റ് വിട്ടു കൊടുത്തതുമായ ഭൂമിയിലാണ് കടുവയും മറ്റു വന്യമൃഗങ്ങളും താവളമാക്കിയത്.
എസ്റ്റേറ്റിന്റെ നടുവിലാണ് ഈ ഭൂമി ഇടക്കാടായി നിൽക്കുന്നത്. കാടിനു ചുറ്റും റബർ മരങ്ങളുമാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സുരക്ഷാഭീഷണി നേരിടുന്നത്. തൊഴിലാളികൾക്ക് കനത്ത കാവലും സുരക്ഷയും ഒരുക്കാൻ എസ്റ്റേറ്റ് മാനേജ്‌മെന്റിന് ബാദ്ധ്യതയേറി.
1974ൽ കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത വനവത്കരണത്തിന്റെ ഭാഗമായി പുല്ലങ്കോട് എസ്റ്റേറ്റിലെ 1600ഓളം ഏക്കർ ഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കിയതാണ് ഇപ്പോൾ ഇടക്കാടായി മാറിയത്. ഈ വനത്തിലാണ് ഇപ്പോൾ കടുവകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ താവളമാക്കിയിരിക്കുന്നത്.
ആസ്പിൻവാൾ കമ്പനിയുടെ ഭാഗമായ പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേർന്ന ചേനപ്പാടി മലവാരത്തിലും പുല്ലങ്കോട് മലവാരത്തിലും പിടിച്ചെടുത്ത ഭൂമി ഉൾപ്പെടുന്നുണ്ട്. പുല്ലങ്കോട് എസ്റ്റേറ്റ് അധികൃതർ കര നെൽകൃഷി ഉൾപ്പടെ നടത്തിയിരുന്ന ഭാഗമായിരുന്നു ഇപ്പോഴത്തെ കടുവകളടക്കമുള്ള വന്യമൃഗങ്ങളുടെ താവളമായ ഇടക്കാട്.
ഓടയും, മുളയും ഉൾപ്പടെ വെട്ടിയിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. വിറക് ശേഖരിക്കാനും നിരവധി ആളുകൾ ഈ മേഖലയെ ആശ്രയിച്ചിരുന്നു. നിക്ഷിപ്ത വനഭൂമി ആയി മാറിയതോടെ വനവസ്തുക്കൾ ശേഖരിക്കുന്നതിനും തടസ്സം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |