പാലക്കാട്: കാടിറങ്ങുന്ന വന്യമൃഗങ്ങൾ ഏതെന്ന് തിരിച്ചറിഞ്ഞ് ആർ.ആർ.ടി സംഘത്തിന് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ള എ.ഐ അധിഷ്ഠിത കാമറകളുടെ സംയോജിത നിരീക്ഷണകേന്ദ്രം പ്രവർത്തന സജ്ജമായി. പാലക്കാട്, വയനാട് ജില്ലകളിലായി സ്ഥാപിക്കുന്ന 17 കാമറകളടങ്ങുന്ന നിരീക്ഷണ സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രം ഒലവക്കോട് ഡി.എഫ്.ഒ ഓഫീസിലെ ആർ.ആർ.ടി സെന്ററിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ വയനാട്ടിൽ നിന്നുള്ള കാമറ ദൃശ്യങ്ങൾക്ക് പുറമേ പാലക്കാട് രണ്ടിടങ്ങളിലായി കാട്ടിൽ സ്ഥാപിച്ച കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും നിയന്ത്രണ കേന്ദ്രത്തിൽ ലഭ്യമാണ്. വനംവകുപ്പ് സഹകരണത്തോടെ കണ്ണൂരിലെ ദിനേശ് സഹകരണ സൊസൈറ്റി ഐ.ടി വിഭാഗമാണ് കാമറാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഓരോ മൃഗത്തെയും തിരിച്ചറിഞ്ഞ് മനുഷ്യർക്കും കൃഷിക്കും കൂടുതൽ ഭീഷണിയായി മാറുന്ന ആന, കടുവ, കാട്ടുപോത്ത്, പുലി, കരടി തുടങ്ങിയവയെക്കുറിച്ച് വിവരം കൈമാറാനുള്ള ശേഷി സംവിധാനത്തിനുണ്ടെന്ന് ഐ.ടി വിഭാഗം മാനേജർ ആർ.അഭിലാഷ് പറഞ്ഞു.
കംപ്യൂട്ടറുകളടക്കമുള്ള കേന്ദ്ര സെർവർ സംവിധാനമാണ് പാലക്കാട് ഡി.എഫ്.ഒ ഓഫീസിൽ സജ്ജീകരിച്ചത്. വയനാട് പുൽപ്പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾക്ക് പുറമേ പാലക്കാട് പരുത്തിപ്പാറ ഞാറക്കോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപത്തുള്ള ഉയർന്ന പാറയിൽ സ്ഥാപിച്ചിരിക്കുന്ന തെർമൽ കാമറയിൽ നിന്നുള്ള ദൃശ്യങ്ങളും കേന്ദ്ര സെർവറിൽ ലഭ്യമാവും. ആനത്താരയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കാമറ ഒന്നര കിലോമീറ്റർ ദൂരത്തുള്ള ദൃശ്യങ്ങൾ വരെ ശേഖരിക്കാൻ ശേഷിയുള്ളതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ നിരീക്ഷണ സംവിധാനമെത്തുന്നത് ആർ.ആർ.ടി പ്രവർത്തനങ്ങളുടെ മെച്ചപ്പെട്ട ഏകോപനത്തിന് സഹായകരമാവുമെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.പുകഴേന്തി, ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് കെ.വിജയാനന്ദ് എന്നിവരും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |