പാലക്കാട്: മദ്ധ്യവേനലവധി കഴിയാൻ ആഴ്ചകൾ ബാക്കി നിൽക്കേ സ്കൂൾ വിപണി സജീവമായി. ബാഗും കുടയും നോട്ട് ബുക്കുകളും ചോറ്റുപാത്രങ്ങളുമെല്ലാം വാങ്ങാനുള്ള തിരക്കിലാണ് രക്ഷിതാക്കളും കുട്ടികളും. ബോക്സ്, ചോറ്റുപാത്രം, ചെരുപ്പ്, ബോട്ടിലുകൾ മുതൽ മഴക്കോട്ടിനു വരെ മേയ് ആദ്യ വാരത്തിൽ തന്നെ നിരവധി ആവശ്യക്കാരുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ട്രെൻഡിനൊപ്പം മാറുന്ന വിപണി കുട്ടികളെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. വലിയ മാളുകളിലുൾപ്പടെ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകളും കച്ചവടക്കാർ നൽകുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ബാഗ് മുതൽ പേന വരെ എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. എൽ.കെ.ജി മുതൽ കോളേജ് വിദ്യാർത്ഥികൾക്ക് വരെ വിവിധ തരം ബാഗുകളുണ്ട്. ഡോറയും, ബുജിയും, സ്‌പൈഡർമാനുമാണ് ഇത്തവണയും കുട്ടികളുടെ താരം. 300 രൂപ മുതലാണ് എൽ.കെ.ജി ബാഗുകൾ. ബ്രാൻഡുകൾ മാറുന്നതിനനുസരിച്ച് 2000 ത്തിന് മുകളിൽ വരെ ബാഗുകളുണ്ട്. വിവിധ കമ്പനികളുടെ നോട്ടുബുക്കുകൾ ഇൻസ്ട്രുമെന്റ് ബോക്സുകൾ, കുടകൾ എന്നിവ വിപണിയിൽ മത്സരമാണ്. ക്ലാസ്‌മേറ്റ്സ്, ക്യാമൽ, അൾട്ടിമ, ഈഗിൾ തുടങ്ങിയ കമ്പനികളുടെ നോട്ടുബുക്കുകളും ഡോംസ്, ക്ലാസ്‌മേറ്റ്സ്, ക്യാമൽ തുടങ്ങിയ കമ്പനികളുടെ ഇൻസ്ട്രുമെന്റ് ബോക്സുകളും വിപണി കീഴടക്കുന്നുണ്ട്. 15 മുതൽ 150 രൂപ വരെയുള്ള വിവിധ വലുപ്പത്തിലുള്ള ബ്രൗൺ പേപ്പറുകൾ വിപണിയിലുണ്ടെങ്കിലും വെള്ളം നനയാത്ത ട്രാൻസ്പരന്റ് ബ്രൗൺ പേപ്പറുകൾക്കാണ് ആവശ്യക്കാരേറെ. 30 മുതൽ 300 രൂപ വരെയുള്ള വിവിധ വലുപ്പത്തിലും മോഡലിലുമുള്ള വാട്ടർ ബോട്ടിലുകളും, 100 മുതൽ 500 രൂപ വരെയുള്ള ലഞ്ച് ബോക്സുകളും വിപണിയിലുണ്ട്.
കുടകൾക്ക് വില 300 രൂപ മുതൽ
നിരവധി കമ്പനികളുടെ കുടകൾ വിപണിയിൽ ലഭ്യമാണെങ്കിലും പോപ്പിയും ജോൺസും തന്നെയാണ് വിപണിയിലെ താരങ്ങൾ. 300 മുതൽ മുകളിലോട്ടാണ് വിലയുള്ളത്. പല നിറങ്ങളിലുള്ള, ചിത്രങ്ങൾ വരച്ച കുടകൾ കുട്ടികളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. കടുത്ത വേനലിലേ കുട വിപണി ഉയർന്നിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയാൽ ഇനിയും ഉയരുമെന്നും വ്യാപാരികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |