കോങ്ങാട്: ഓണത്തിന് മെമ്പർ കെയർ എന്ന തന്റെ തനത് പദ്ധതിയിലൂടെ വാർഡിലേക്ക് ഓണസമ്മാനമൊരുക്കി കേരളശ്ശേരി എട്ടാം വാർഡ് മെമ്പർ പി. രാജീവ്. അമ്പത് കസേരകൾ, അഞ്ച് സ്റ്റീൽ മേശകൾ, വലിയ ടാർപായ എന്നിവയാണ് വാർഡിലെ വീടുകളിലെ വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കാൻ മെമ്പറുടെ ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.
പൂർണ്ണമായും സൗജന്യമായാണ് ഇവ ആവശ്യക്കാർക്ക് നൽകുന്നത്. രാജീവിന് ജനപ്രതിനിധി എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയം തുകയും സുഹൃത്തുക്കളുടെ സഹായവുമടക്കം ഏകദേശം നാൽപ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് വാർഡിലേക്ക് ഫർണിച്ചറുകൾ വാങ്ങിയിട്ടുള്ളത്.
നാല് പ്രവർത്തനങ്ങൾ വേറെയും
രാജീവിന്റെ നേതൃത്വത്തിൽ വാർഡിൽ വ്യത്യസ്തമായ നാല് തനത് പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വിവിധ സേവന പ്രവർത്തനങ്ങൾക്കായുള്ള മെമ്പർ കെയർ, പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായുള്ള ഗ്രീൻ കെയർ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായുള്ള നോളേജ് കെയർ, സർക്കാർ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ പീപ്പിൾ കെയർ എന്നിവയാണ് തനത് പദ്ധതികൾ.
നാടിനും നാട്ടുകാർക്കും ഉള്ള ഓണസമ്മാനമായാണ് ഇത് സമർപ്പിക്കുന്നത്. സാധാരണക്കാരായ വാർഡ് നിവാസികൾക്ക് ഉപയോഗ പ്രദമാകുമെന്നാണ് പ്രതീക്ഷ.
- പി. രാജീവ്, പഞ്ചായത്തംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |