വടക്കഞ്ചേരി: തുടർച്ചയായ മഴയിൽ വടക്കഞ്ചേരി ദേശീയപാതയിൽ അപകടക്കെണിയായി വലിയ കുഴികൾ. വാണിയമ്പാറ-വടക്കഞ്ചേരി റോഡിൽ 10 കിലോമീറ്ററിനിടെ ചെറുതും വലുതുമായി നൂറ്റമ്പതോളം കുഴികളാണ് കഴിഞ്ഞ നാല് ദിവസത്തെ മഴയിൽ രൂപപ്പെട്ടത്. ആറുവരിപ്പാത നീളെ അപകടക്കെണിയൊരുക്കി കുഴികളും, റോഡിലെ ചെളിയും കൂടാതെ ഗതാഗത കുരുക്കും. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ദേശീയ പാതയിൽ ദുരിത യാത്രയാണ്. പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം കുഴികളാണ്. മഴ ശക്തിപ്പെട്ടപ്പോഴേക്കും ആറുവരിപ്പാത നീളെ കുഴികളോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. അടിപ്പാതകളുടെ നിർമാണം നടക്കുന്നയിടങ്ങളിൽ കുരുക്കും യാത്രക്കാർ സഹിക്കണം, ടോളും നൽകണം. ശങ്കരംകണ്ണംതോട്ടിൽ റോഡിലേക്ക് ചെളിയൊഴുകിയെത്തി അടിഞ്ഞുകിടക്കുന്നതും മേരിഗിരിക്കു സമീപം റോഡിരികിലെ കുത്തനെയുള്ള കുന്നിൽ മരം വീഴാറായി നിൽക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ചെളിയിൽ തെന്നി വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നുണ്ട്. വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിൽ ഒമ്പതിടങ്ങളിലാണു മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും വീണ്ടും തകർന്ന് കുഴിയാവുകയാണ്. വടക്കഞ്ചേരി മേൽപ്പാലത്തിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള ദിശയിൽ പല ജോയിന്റുകളിലെയും കോൺക്രീറ്റ് ഇളകിത്തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ജോയിന്റ് കുത്തിപ്പൊളിച്ച് നന്നാക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |