പത്തനംതിട്ട : സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ 154ാമത് ജയന്തിയും സ്മാരകത്തിന്റെ 34ാമത് വാർഷികവും 16 മുതൽ 18 വരെ ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ആഘോഷിക്കും. 16ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ ഡോ.ബൈജു ഗംഗാധരനെ അനുമോദിക്കും. സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് നവകേരളവും മെഴുവേലിയുടെ വികസനവും എന്ന വിഷയത്തിൽ സെമിനാർ പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്‌സ് ഉദ്ഘാടനം ചെയ്യും. റാന്നി ഡി.എഫ്.ഒ പി.കെ.ജയകുമാർ ശർമ്മ മുഖ്യാതിഥിയാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും.
17ന് ഉച്ചകഴിഞ്ഞ് 3.30ന് നവോത്ഥാന സ്മൃതി സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ വി.കെ.രവിവർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തും. മാനേജിംഗ് കമ്മിറ്റി അംഗം ടി.വി.സ്റ്റാലിൻ അദ്ധ്യക്ഷത വഹിക്കും. 18ന് രാവിലെ 10ന് കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.കെ.ശോഭനാകുമാരിയുടെ മഴവിത്ത് എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്യും. പ്രമുഖർ കവിതകൾ അവതരിപ്പിക്കും. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
18ന് ഉച്ചകഴിഞ്ഞ് 3.30ന് 37ാമത് മൂലൂർ അവാർഡ് സമർപ്പണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന ഇലവുംതിട്ട മൂലൂർ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നൽകി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂലൂർ അവാർഡിന് ഡോ.ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
പ്രൊഫ.മാലൂർ മുരളീധരൻ, പ്രൊഫ.പി.ഡി.ശശിധരൻ, പ്രൊഫ.കെ.രാജേഷ് കുമാർ എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. പി.ഡി.ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാർഡ് കവിതയുടെ ആലാപനം ഡോ.മണക്കാല ഗോപാലകൃഷ്ണൻ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |