തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന ഒഡീഷാ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് കണ്ടെടുത്തു. ഒഡീഷാ ഗജപതി ജില്ലയിൽ സെരാഗോ സ്വദേശി അഭിരാം ബഡാറിത്ത (43) ആണ് പിടിയിലായത്. തിരുവല്ല കുറ്റൂർ ഈരടിച്ചിറ ഭാഗത്ത് വീടെടുത്ത് കച്ചവടക്കാരെ കണ്ടെത്തി വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. സംസ്ഥാനത്തൊട്ടാകെ കഞ്ചാവ് എത്തിക്കുന്ന ഒരാൾ തിരുവല്ല കേന്ദ്രീകരിച്ച് താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പിടിയിലായത്. വലിയ ഷോൾഡർ ബാഗിൽ മണംപുറത്തുവരാത്ത നിലയിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലാണ് 5 കിലോ 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് സുഹൃത്ത് മുഖേന ട്രെയിനിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നു. തിരുവല്ലയിൽ അടുത്തകാലത്ത് പിടികൂടിയ വലിയ കഞ്ചാവ് വേട്ടയാണിതെന്നും കൂട്ടാളികളെ പിടികൂടാൻ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി.എക്സൈസ് ഇൻസ്‌പെക്ടർ കെ.എം.ശിഹാബുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി.ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, മുഹമ്മദ് ഹുസൈൻ, സുമോദ്‌കുമാർ, ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |