പത്തനംതിട്ട : കോന്നി താലൂക്കിന്റെ പരിധിയിലായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ ഇനി കോഴഞ്ചേരി താലൂക്കിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. മുമ്പ് കോഴഞ്ചേരി താലൂക്കിലായിരുന്ന ഈ രണ്ട് വില്ലേജുകളും 2013ൽ രൂപീകരിച്ച കോന്നി താലൂക്കിന്റെ ഭാഗമാകുകയായിരുന്നു. രണ്ട് വില്ലേജുകളിലെയും ആളുകൾക്ക് വേഗത്തിൽ എത്താൽ കഴിയുന്നത് പത്തനംതിട്ട ആസ്ഥാനമായ കോഴഞ്ചേരി താലൂക്കിലാണ്. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോന്നി താലൂക്ക് രൂപീകരണ ഘട്ടത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കോന്നി നിയമസഭ മണ്ഡല പരിധിയിലെ മുഴുവൻ വില്ലേജുകളും ചേർത്താണ് 2013ൽ കോന്നി താലൂക്ക് രൂപീകരിച്ചത്. അന്ന് കോന്നി എം.എൽ.എ റവന്യൂവകുപ്പ് മന്ത്രി അടൂർ പ്രകാശായിരുന്നു.
മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ കോഴഞ്ചേരി താലൂക്ക് പരിധിയിലേക്കു മാറുമെങ്കിലും ബ്ലോക്ക് പഞ്ചായത്തും അസംബ്ലി മണ്ഡലവും കോന്നിയിൽ തന്നെ തുടരും. 2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോഴാണ് കോന്നി നിയോജക മണ്ഡല പരിധിയിൽ മൈലപ്രയും വള്ളിക്കോടും ഉൾപ്പെട്ടത്. നേരത്തെ രണ്ടു പ്രദേശങ്ങളും പഴയ പത്തനംതിട്ട നിയമസഭ മണ്ഡല പരിധിയിലായിരുന്നു. ബ്ലോക്ക് നേരത്തെ തന്നെ കോന്നിയിലായിരുന്നു. നിലവിൽ കോഴഞ്ചേരി താലൂക്കിൽ 13 വില്ലേജുകളും കോന്നി താലൂക്കിൽ 12 വില്ലേജുകളും ഉണ്ട്.
വാർത്താസമ്മേളനത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് എന്നിവർ പങ്കെടുത്തു.
വമ്പൻ കോന്നി തന്നെ
രണ്ട് വില്ലേജുകൾ ഒഴിവാക്കിയാലും കോന്നി താലൂക്കിനാണ് വിസ്തൃതി കൂടുതൽ. ഗവിയും അച്ചൻകോവിൽ അതിർത്തിയും ഉൾപ്പെടെ കോന്നി, റാന്നി വനംഡിവിഷനുകൾ ഇതിൽപ്പെടും.
കോന്നി താലൂക്ക്
വിസ്തൃതി - 90722.8283 ഹെക്ടർ (മുമ്പ് 93763.6996 ഹെക്ടർ)
വില്ലേജുകൾ : കലഞ്ഞൂർ, കൂടൽ, വി. കോട്ടയം, പ്രമാടം, കോന്നി, കോന്നി താഴം, ഐരവൺ, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം.
കോഴഞ്ചേരി താലൂക്ക്
വിസ്തൃതി : 20507.8730 ഹെക്ടർ (മുമ്പ് 17647.0017 ഹെക്ടർ)
വില്ലേജുകൾ : പത്തനംതിട്ട, കോഴഞ്ചേരി, ഓമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, കിടങ്ങന്നൂർ, ആറൻമുള, മെഴുവേലി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, കുളനട, മൈലപ്ര, വള്ളിക്കോട്.
താലൂക്ക് വിഭജനത്തെ തുടർന്നുണ്ടായ പ്രശ്നം 2019ൽ ഉപതിരഞ്ഞെടുപ്പ് സമയത്താണ് വോട്ടർമാർ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിലെ സാങ്കേതികത്വം നിറഞ്ഞ നൂലാമാലകൾ ഇല്ലാതാക്കാൻ തുടർച്ചയായ ദിവസങ്ങളിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തേണ്ടിവന്നു. ജനങ്ങളുടെ ഒരു ദശാബ്ദം നീണ്ടുനിന്ന ആവശ്യമാണ് ഇപ്പോൾ നടപ്പായത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |