തിരുവല്ല∙ എക്സൈസ് സംഘത്തിനു നേരെ വടിവാളുമായി ആക്രമണം നടത്തിയ കേസിലെ പ്രതി പെരുന്തുരുത്തി നെടുംപറമ്പിൽ ഷിബു തോമസ് (33) റിമാൻഡിലായി. കഞ്ചാവു കേസിലെ പ്രതിയായ ഷിബുവിനെ പിടിക്കുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം.ഷിഹാബുദീൻ എന്നിവർക്കാണു വെട്ടേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ എക്സൈസ് സംഘം ചുമത്രയിൽനിന്ന് പുന്നക്കുന്ന് എലിമണ്ണിൽ ശ്രീജു (40) വിനെ കഞ്ചാവുമായി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് നൽകിയത് ഷിബു തോമസ് ആണെന്നറിഞ്ഞത്. ശ്രീജുവുമായി സംഘം പെരുന്തുരുത്തിയിലുള്ള ഷിബുവിന്റെ വീട്ടിലെത്തി. എക്സൈസ് സംഘത്തെ കണ്ടയുടനെ ഇയാൾ വീടിനകത്തുകയറി വടിവാൾ വീശുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. ഈ സമയം എത്തിയ സമീപവാസി വടക്കേൽ സച്ചിനും (26) കാലിൽ വെട്ടേറ്റു. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഷിബു തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല എക്സൈസ് സർക്കിൾ ഓഫിസിൽ ഷിബുവിനെ നേരത്തേ രണ്ടുതവണ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ആറുവർഷം മുൻപ് ബിജു വർഗീസ് ചങ്ങനാശേരിയിൽ എക്സൈസ് ഇൻസ്പെക്ടറായിരുന്നപ്പോഴും ഷിബു തോമസിനെ അറസ്റ്റു ചെയ്തപ്പോൾ ആക്രമിച്ചിട്ടുണ്ട്. കോടതി ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |