പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ മതിലുകൾക്കിടയിൽ നിന്ന് ഫയർഫോഴ്സ് രക്ഷിച്ച് ജില്ലാ വെറ്റിറനറി ആശുപത്രിയിൽ എത്തിച്ച തെരുവ് നായ ചത്തു. പരിശോധനയിൽ പേവിഷ ബാധയെന്ന് കണ്ടെത്തി. നായയ്ക് പേവിഷ ബാധയെന്ന് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തനം നടത്തിയവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും. കഴിഞ്ഞ 15ന് ആണ് അവശനിലയിലായ നായയെ ഫയർഫോഴ്സും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തിയത്. 21ന് നായ ചത്തു. കൂടുതൽ നായകൾക്ക് പേവിഷ ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
5431 പേർക്ക് പരിക്ക്, 2 മരണം
നായയുടെ ആക്രമണത്തിൽ ജില്ലയിൽ ഇൗവർഷം ഇതുവരെ പരിക്കേറ്റ് ചികിത്സ തേടിയത് 5431 പേർ. ഏപ്രിലിലും ഫെബ്രുവരിയിലും രണ്ട് പേർ പേവിഷ ബാധയേറ്റ് മരിച്ചു. ഇന്നലെ ഏനാത്ത് നാല് പേരെ തെരുവ് നായ കടിച്ചച്ചു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ പേവിഷ ബാധയുള്ള കുറുക്കന്റെ കടിയേറ്റ് എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ പരിചരിച്ച ഏഴുപേർ അടക്കം പതിനഞ്ച് പേർക്ക് കഴിഞ്ഞ ദിവസം പ്രതിരോധ വാക്സിൻ നൽകി.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഓട്ടോ റിക്ഷാ സ്റ്റാൻഡിലേക്ക് എത്താൻ യാത്രക്കാർക്ക് ഭയമാണ്. പേവിഷ ബാധ സ്ഥിരീകരിച്ച നായ ഇവിടെ ഓടി നടന്നതാണ്. മറ്റ് നായകൾക്കും പേവിഷബാധയുണ്ടോയെന്ന് സ്ഥിരീകരിക്കണം. നഗരസഭാ അധികൃതർ നടപടിയെടുക്കണം.
ബിനോയ്, ഓട്ടോറിക്ഷാ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |