കണ്ണൂർ: 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" ക്യാമ്പയിനിന്റെ ഭാഗമായി കേടാകുന്ന എൽ.ഇ.ഡി ബൾബുകൾ ഇനി ഹരിത കർമ്മസേനാംഗങ്ങൾ ശരിയാക്കിത്തരും. എൽ.ഇ.ഡി. ബൾബ് റിപ്പയറിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. ഹരിത കേരളം മിഷനും ഗവ. ഐ.ടി.ഐ തോട്ടടയും ചേർന്നാണ് ത്രിദിന പരിശീലനങ്ങൾ സംഘടിപ്പിച്ചത്.
ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഗ്രാമപഞ്ചായത്തുകളിലെ 40 ഹരിത കർമ്മസേന അംഗങ്ങൾക്കാണ് കണ്ണൂർ ഗവ. ഐ.ടി.ഐയിൽ വച്ച് പരിശീലനം നൽകിയത്. ഹരിത കർമ്മസേന ശേഖരിക്കുന്ന ഇ വേസ്റ്റ് മാലിന്യങ്ങളുടെ അളവ് കൂടി കൂടി വരികയാണ്. ഇതിലൊരു പ്രധാന ഇനമാണ് എൽ.ഇ.ഡി ബൾബുകൾ. പുനരുപയോഗിക്കുന്നത് വഴി മാലിന്യത്തിന്റെ അളവ് കുറക്കാം എന്ന അടിസ്ഥാന തത്വം ഈ മേഖലയിൽ പ്രായോഗികമാക്കുന്നതിനെ കുറിച്ച് ജില്ലാ തലത്തിൽ നടത്തിയ ചർച്ചകളിൽ നിന്നാണ് എൽ.ഇ.ഡി ബൾബുകളുടെ റിപ്പയർ എന്ന ആശയം ഉയർന്നുവന്നത്. ഹരിത കർമ സേനാംഗങ്ങൾക്ക് തന്നെ പരിശീലനം നല്കുന്നത് കുറേ കൂടി ഉചിതമാണെന്ന കാര്യവും കൂടി കണക്കിലെടുത്താണ് പരിശീലനത്തിലേക്ക് കടന്നത്.
കണ്ണൂർ ഗവ. ഐ.ടി.ഐയിലെ ഇലക്ട്രോണിക്സ് വിഭാഗം ഗ്രൂപ്പ് ഇൻസ്ട്രക്ടർ കെ.പ്രേംജിത്ത്, ബി.പി.സുജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. കളക്ടറേറ്റിലെ ഡിജിറ്റൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സറീന എ.റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം.സുനിൽകുമാർ, ഗവ. ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ കെ.എൽ.സുധ, ഇൻസ്ട്രക്ടർ ബി.പി.സജിത്ത് കുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
13 പഞ്ചായത്തുകളിൽ തുടക്കം
ആദ്യപടി എന്ന നിലയിൽ ജില്ലയിലെ നെറ്റ് സീറോ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് പരിശീലനം നല്കാമെന്ന കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു. പെരളശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കുറുമാത്തൂർ, പന്ന്യന്നൂർ, പടിയൂർ -കല്യാട്, പായം, കേളകം, ഉദയഗിരി, കൂടാളി, ചെറുതാഴം, കുറ്റിയാട്ടൂർ, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ഹരിത കർമ്മസേന അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.
ആദ്യഘട്ടത്തിൽ പരിശീലനം നേടിയത് 40 ഹരിത കർമ്മസേന അംഗങ്ങൾ
പുനരുപയോഗിക്കുന്നത് വഴി മാലിന്യത്തിന്റെ അളവ് കുറക്കുക ലക്ഷ്യം
പരിശീലനം നല്കിയത് ഹരിത കേരളം മിഷനും ഗവ. ഐ.ടി.ഐ തോട്ടടയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |