പത്തനംതിട്ട : കുടിക്കാൻ വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാലപൊട്ടിച്ച് ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. ഊന്നുകൽ മുള്ളൻകുഴിക്കൽ വീട്ടിൽ സോനാണ് (52) പിടിയിലായത്. പത്തനംതിട്ട നഗരത്തിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ഏലിയാമ്മയുടെ (77) കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ ഇയാൾ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കയ്യിലിരുന്നു. ബഹളം വച്ചപ്പോൾ തള്ളി താഴെയിട്ടിട്ട് കയ്യിൽകിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതുകഴുത്തിൽ മുറിവുണ്ടായി. വൃദ്ധ ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ തടഞ്ഞുവച്ചു. പത്തനംതിട്ട പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും എലിയാമ്മയുടെ വീട്ടിൽ മുൻപ് ജോലി ചെയ്ത പരിചയം വീടുമായുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ ജെ.യു.ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |