മാരാമൺ : വിശ്വാസ കൂട്ടായ്മയുടെ ധന്യതയിൽ വചനം പ്രഭ ചൊരിയുന്ന 130ാമത് മാരാമൺ കൺവെൻഷൻ 9 മുതൽ 16 വരെ മാരാമൺ മണൽപ്പുറത്ത് നടക്കും. 9ന് ഉച്ചയ്ക്ക് ശേഷം 2.30ന് സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ.ജെറി പിള്ള (സ്വിറ്റ്സർലാൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ന്യുഡൽഹി) എന്നിവരാണ് മുഖ്യപ്രസംഗകർ.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾക്ക് റവ.ഡോ.ജെറി പിള്ളൈയും ബുധൻ മുതൽ ശനി വരെ റവ.എ.റ്റി.സഖറിയായും നേതൃത്വം നൽകും. രാവിലെ 7.30 മുതൽ 8.30 വരെ കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിൽ നടക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾക്ക് ഫാമിലി കൗൺസിലർമാരായ റീനാ ജോൺ, ഡോ.സിജിയ ബിനു എന്നിവർ നേതൃത്വം നൽകും. 12ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളനം. ഉച്ചയ്ക്ക് ശേഷമുള്ള ലഹരിവിമോചന സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യസന്ദേശം നൽകും. ബുധനാഴ്ച വൈകിട്ട് 6ന് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രസംഗിക്കും.
ശനിയാഴ്ച 2.30ന് സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി യോഗം നടക്കും. സേവികാസംഘ യോഗത്തിൽ ആനി ജൂലാ തോമസ് മുഖ്യസന്ദേശം നൽകും.
13,14,15 തീയതികളിൽ വൈകിട്ട് 4ന് യുവവേദി യോഗങ്ങളിൽ മോസ്റ്റ് റവ.ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്താ, ജോണി ടോം വർഗീസ് , ജോർജ് പുളിക്കൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
16ന് രാവിലെ 7.30ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ കുർബന. 2.30ന് സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷതവഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സമാപന സന്ദേശം നൽകും. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ (ജനറൽ കൺവീനർ), ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, കൺവീനർമാരായ തോമസ് കോശി, റ്റിജു എം.ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |