കോഴഞ്ചേരി : 82 ദിവസം നീണ്ടുനില്ക്കുന്ന പ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ വഴിപാട് ബുക്കിംഗ് ആരംഭിച്ചതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെയാണ് വഴിപാട് വള്ളസദ്യ. 100 സദ്യകളുടെ ബുക്കിംഗ് പൂർത്തിയായി. ഒരു ദിവസം പരമാവധി 15 സദ്യകൾ വീതം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വള്ളസദ്യ വഴിപാടുകൾ ദേവസ്വം ബോർഡിന്റെ സഹകരണത്തോട് കൂടി പരമ്പരാഗത രീതിയിൽ ആചാരാനുഷ്ഠാനങ്ങളോടെ സംഘടിപ്പിക്കും. പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ് , ജോയിന്റ് സെകട്ടറി അജയ് ഗോപിനാഥ് , എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.കെ.ശശികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വള്ളസദ്യ ബുക്കിംഗിന് ഫോൺ : 0468 2313010 ,8251113010.
വഞ്ചിപ്പാട്ട് കളരി ഏപ്രിൽ 6ന്
പള്ളിയോട സേവാസംഘം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടുകൂടി നടത്തി വരുന്ന വഞ്ചിപ്പാട്ട് കളരി ഏപ്രിൽ 6ന് ആരംഭിക്കും. 6, 7 തീയതികളിൽ മേഖലാതലത്തിൽ വഞ്ചിപ്പാട്ട് കളരികൾ സംഘടിപ്പിക്കും. കിഴക്കൻ മേഖലാ കളരി ചെറുകോൽ എൻ.എസ്.എസ് കരയോഗത്തിലും മധ്യമേഖലയിലെ വഞ്ചിപ്പാട്ട് കളരി പാഞ്ചജന്യം ഓഡിറ്റോറിയത്തിലും പടിഞ്ഞാറൻ മേഖലാ കളരി തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലും നടക്കും. ഏപ്രിൽ 12ന് മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്ന വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ നടക്കും.
ഏപ്രിൽ 8, 9, 10 ദിവസങ്ങളിലായി കരകളിൽ നിന്ന് ശുപാർശ ചെയ്യുന്ന കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കും. ഏപ്രിൽ 11ന് ലഹരി വിരുദ്ധ സെമിനാറും സാമൂഹ്യബോധവത്ക്കരണ സെമിനാറും പാഞ്ചജന്യത്തിൽ സംഘടിപ്പിക്കും.
പള്ളിയോടങ്ങൾക്കുള്ള വാർഷിക ഗ്രാന്റും വിദ്യാഭ്യാസ ധനസഹായവും വാർഷിക പൊതുയോഗത്തിൽ നല്കും.
പ്രസാദ് ആനന്ദ ഭവൻ,
പള്ളിയോട സേവാസംഘം സെക്രട്ടറി
പള്ളിയോടത്തിന് നൽകുന്ന വാർഷിക ഗ്രാന്റ് : 1.5 ലക്ഷം രൂപ
നേത്രചികിത്സാ ക്യാമ്പ്
പള്ളിയോട സേവാസംഘം നേതൃത്വം നല്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 16ന് നേത്രചികിത്സാ ക്യാമ്പ് നടക്കും.
സെപ്തംബർ 14 : അഷ്ടമിരോഹിണി വള്ളസദ്യ .
സെപ്റ്റംബർ 9 : ഉത്രട്ടാതി ജലമേള.
മന്ത്രിക്കും എം.എൽ.എയ്ക്കും അഭിനന്ദനം
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് സ്ഥിരം പവലിയൻ നിർമ്മിക്കുന്നതിനായി രണ്ടു കോടി രൂപ ബഡ്ജറ്റിൽ വകകൊള്ളിക്കുന്നതിന് പരിശ്രമിച്ച മന്ത്രി വീണാജോർജിനെയും 10 പള്ളിയോടങ്ങളുടെ പരിരക്ഷണത്തിന് ഒരു കോടി രൂപ അനുവദിക്കുന്നതിൽ പങ്കുവഹിച്ച പ്രമോദ് നാരായൺ എം.എൽ.എയേയും പള്ളിയോട സേവാസംഘം അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |