പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ഇത്തവണ ജില്ലയിൽ 9925 കുട്ടികൾ. ഇതിൽ 5110 ആൺകുട്ടികളും 4815 പെൺകുട്ടികളുമാണ്. 169 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 106 സ്‌കൂളുകൾ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും 63 സ്‌കൂളുകൾ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുമാണ്.
ജില്ലയിലെ 50 ഗവൺമെന്റ് സ്‌കൂളുകളിലായി 811 ആൺകുട്ടികളും 705 പെൺകുട്ടികളും ഉൾപ്പെടെ 1516 കുട്ടികൾ പരീക്ഷ എഴുതാനുണ്ടാകും. 106 എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 4136 ആൺകുട്ടികളും 3944 പെൺകുട്ടികളും പരീക്ഷ എഴുതും. 8080 കുട്ടികളാണ് എയ്ഡഡ് മേഖലയിൽ നിന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 354 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 170 ആൺകുട്ടികളും 184 പെൺകുട്ടികളുമാണ്. സ്‌പെഷ്യൽ വിഭാഗത്തിൽ രണ്ട് സ്‌കൂളുകളും ഒരു ടെക്നിക്കൽ സ്‌കൂളും പരീക്ഷാകേന്ദ്രങ്ങളായുണ്ട്. പട്ടികവർഗ വിഭാഗത്തിലെ 102 കുട്ടികളും പട്ടികജാതിക്കാരായ 1893 കുട്ടികളും പരീക്ഷ എഴുതാനുണ്ടാകും.
കൂടുതൽ കുട്ടികൾ എം.ജി.എമ്മിൽ
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. 307 കുട്ടികളാണ് എം.ജി.എമ്മിൽ പരീക്ഷ എഴുതാനുണ്ടാകുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നത് മൈലപ്ര എസ്.എച്ച്.എച്ച്.എസ്എസിലാണ്. 262 കുട്ടികൾ. മൂന്ന് കുട്ടികൾ വീതം പരീക്ഷ എഴുതുന്ന പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി മക്കപ്പുഴ എൻ.എസ്.എസ് എച്ച്.എസും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുറമറ്റം ജി വി എച്ച് എസ് എസുമാണ് കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ.
പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ
മാർച്ച് മൂന്നിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ 26ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ തുടങ്ങും. അഞ്ചിന് നടക്കുന്ന ഇംഗ്ലീഷ്, പത്തിനു നടക്കുന്ന സോഷ്യൽ സയൻസ്, 17നു നടക്കുന്ന ഗണിതശാസ്ത്രം പരീക്ഷകൾക്ക് 12.15 വരെയാണ് സമയം. മറ്റെല്ലാ വിഷയങ്ങളും 11.15വരെയാണ്.
കുട്ടികൾ കുറഞ്ഞു
കഴിഞ്ഞ വർഷം 10,044 വിദ്യാർത്ഥികൾ ആണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 119 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. കഴിഞ്ഞ തവണ മുൻവർഷത്തെ അപേക്ഷിച്ച് 170 കുട്ടികളാണ് കുറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |