കോന്നി : മരത്തിന്റെ ചുവടുമുതൽ മുകളിലെ ശിഖരങ്ങൾ വരെ നിറയെ ചുവന്ന പൂക്കൾ. അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് ഈ മനോഹര കാഴ്ച. രണ്ടുമാസങ്ങൾ കൂടി കഴിഞ്ഞാൽ ഇതിലെ കായ്കൾ പഴുത്ത് പാകമാകും. വനത്തിൽ ചുവപ്പ് നിറത്തിലും മഞ്ഞനിറത്തിലും മൂട്ടിൽപ്പഴങ്ങൾ കാണാൻ കഴിയും. പ്രദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആപ്പിൾ, ഓറഞ്ച് പോലുള്ള പഴങ്ങൾ നാട്ടിൻപുറത്തെ വിപണിയിൽ സുലഭമായതോടെയാണ് മൂട്ടിൽപ്പഴങ്ങൾക്ക് ആവശ്യക്കാരില്ലാതായത്.
ബക്കേറിയ കോർട്ടലെൻസിസ് എന്ന് ശാസ്ത്രീയ നാമമുള്ള മൂട്ടിൽ മരങ്ങൾ കോന്നി, റാന്നി വന മേഖലകളിൽ വളരുന്നുണ്ട്. മറ്റ് ഫലവൃക്ഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ മരത്തിന്റെ ചുവട്ടിലാണ് കായ്കളുണ്ടാകുന്നത്. വേനലിലാണ് ഇവ പൂക്കാറുള്ളത്. ജൂൺ, ജൂലായ് മാസങ്ങളിൽ കായ്കൾ പഴുത്തുപാകമാകും. നെല്ലിക്കയുടെ വലിപ്പമാണ് കായ്കൾക്ക്. ചുവന്നുതുടുത്ത പഴങ്ങൾ കുലകളായി മരത്തിന്റെ തടിയോട് ചേർന്ന് പറ്റിപിടിച്ചു നിൽക്കുന്നത് മനോഹര കാഴ്ചയാണ്. നേരിയ പുളിപ്പും മധുരവും കലർന്ന രുചിയാണ് ഇവക്കുള്ളത്. ഇവയുടെ തോടുകൾ അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ആദിവാസികൾ ഇവ ഭക്ഷിക്കുകയും നാട്ടിലെത്തിച്ച് വില്‍പന നടത്തുകയും ചെയ്യാറുണ്ട്. പഴുത്ത് പാകമായ മൂട്ടിൽ പഴങ്ങൾ കുരങ്ങുകളുടെ ഇഷ്ടവിഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |