പത്തനംതിട്ട : ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും ആരംഭിച്ചു. 30 വരെയാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തഹസീൽദാർമാരുടെ മേൽ നോട്ടത്തിൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സൗകര്യം ഉറപ്പാക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. വെള്ളം ഉയരുമ്പോൾ ഒറ്റപ്പെടുന്ന അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി തുടങ്ങിയ പട്ടികവർഗ മേഖലയിൽ ഭക്ഷണസാധനം ഉറപ്പാക്കും. ഗർഭിണികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാനും നിർദേശം നൽകി. ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പൊതുജനങ്ങൾ ശ്രദ്ധിക്കണം.
പ്രവേശനോത്സവത്തിന് മുൻപ് സ്‌കൂളിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. തിരുവല്ല സബ്കളക്ടർ, അടൂർ ആർ.ഡി.ഒ എന്നിവർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു
ഇന്നു മുതൽ ബുധനാഴ്ച വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവർത്തനവും മലയോരത്ത് നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നിരോധിച്ചു.
രാത്രിയാത്ര നിരോധിച്ചു
28 വരെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതൽ രാവിലെ ആറു വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും നിരോധിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദ്ദേശം
മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള ഇടങ്ങൾ : 60
വൈദ്യുതി സംബന്ധമായ വിവരങ്ങൾക്ക്
ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾ റൂം ഫോൺ: 9446009451.
കെ.എസ്.ഇ.ബി.എൽ ചാറ്റ് ബോട്ട് സംവിധാനമായ
ഇലക്ട്രയുടെ സഹായത്തിന് ഫോൺ : 9496001912 .
ടോൾ ഫ്രീ നമ്പർ : 1912, 0471 25555442, 9496001912
എമർജൻസി നമ്പർ : 9496010101
നെടുമ്പ്രത്ത് വീടിന് മുകളിൽ മരംവീണു
തിരുവല്ല : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടാംദിവസവും കനത്തമഴയും കാറ്റും നാശം വിതച്ചു. നെടുമ്പ്രത്ത് ഒരു വീടിന് മുകളിൽ മരംവീണു. മുത്തൂരിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി മരംമുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വൈദ്യുതി ബന്ധം പലയിടത്തും നിലച്ചു. വാളകത്തിൽ പാലത്തിന് സമീപം തോപ്പിൽ വടക്കേതിൽ ചന്ദ്രന്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണു. ആളപായമില്ല. ഇന്നലെ വൈകിട്ട് 5.30 മുതൽ ഒരു മണിക്കൂറോളം ശക്തമായ കാറ്റും മഴയും തുടർന്നു. കനത്തമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫയർഫോഴ്സിന് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പലയിടത്തും മരത്തിന്റെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം മുതൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു.
ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു
ചാത്തങ്കരി : ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരിങ്ങര പഞ്ചായത്തിലെ 13-ാം വാർഡിൽ ചാത്തങ്കരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സമീപം കിഴക്കുംമുറിയിൽ അനീഷ് എ.കെയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. അടുക്കളയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |