സഹോദരങ്ങൾ അറസ്റ്റിൽ, മൂന്നാമനായി അന്വേഷണം
കൊച്ചി: മുടിവെട്ടാൻ കാത്തിരുന്ന യുവാക്കളെ സലൂണിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് അവശരാക്കിയ സഹോദരങ്ങൾ അറസ്റ്റിലായി. ഇവരുടെ സുഹൃത്തായ മൂന്നാം പ്രതി ഒളിവിൽ. ഇടപ്പള്ളി ടോളിലെ ഇറച്ചിക്കടയിലെ ജീവനക്കാരനും കറുകപ്പള്ളി സ്വദേശിയുമായ മുഹമ്മദ് ബിലാൽ (24), സഹോദരൻ മുഹമ്മദ് ബെന്യാമിൻ (22) എന്നിവരാണ് പിടിയിലായത്. ഒബ്‌റോൺ മാളിലെ ഒരു ഷോപ്പിലെ ജീവനക്കാരും കൊല്ലം പുനലൂർ സ്വദേശികളുമായി ശ്രാവൺ സുധൻ (22), കണ്ണൻ (23) എന്നിവർക്കാണ് മർദ്ദനമേറ്റത്.
കറുകപ്പള്ളി ജംഗ്ഷനിലെ സലൂണിൽ ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരെയും മർദ്ദിക്കുന്ന സി.സി.ടിവി ദൃശ്യം പുറത്തുവന്നു. മുടിവെട്ടാനായുള്ള ഊഴം കാത്തിരിക്കുകയായിരുന്നു ശ്രാവണും കണ്ണനും. ഈസമയം ബിലാലും സംഘവും റോഡിലൂടെ പോകുകയായിരുന്നു. സലൂണിൽ നിന്ന് പുറത്തെ കാഴ്ചകൾ കണ്ടുനിന്നിരുന്ന ശ്രാവണിനെയും കണ്ണനെയും കടയിലേക്ക് അതിക്രമിച്ച് കയറി, യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. തങ്ങളെ ഇരുവരും രൂക്ഷമായി നോക്കിയെന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം.
യുവാക്കൾക്ക് ദേഹമാകെ പരിക്കുണ്ട്. വിവരമറിഞ്ഞ് എളമക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനകം ഇവർ കടന്നിരുന്നു. സി.സി.ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്. തങ്ങൾ തറപ്പിച്ച് നോക്കിയിട്ടില്ലെന്നാണ് കൊല്ലം സ്വദേശികൾ പൊലീസിനെ അറിയിച്ചത്. ലഹരിയിൽ തങ്ങളെ നോക്കുന്നതാണെന്ന് കരുതി അക്രമിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |