നെടുമങ്ങാട് : ''അവരെ വിലങ്ങുവച്ച് നടത്തുന്ന ഫോട്ടോ പത്രത്തിൽ വരണം. എന്റെ നിരപരാധിത്വം അപ്പോഴേ തെളിയൂ. എന്നെപ്പോലെ എത്രയെത്ര നിരപരാധികൾ കള്ളക്കേസുകളിൽ കുടുങ്ങിയിട്ടുണ്ടാവും. ചോദിക്കാനും പറയാനും ഇവിടെ നിയമവ്യവസ്ഥയുണ്ടെന്ന് തെളിയിക്കുന്നതാണ് അതിവേഗത്തിലുള്ള നടപടികൾ. എല്ലാവരോടും നന്ദിയുണ്ട്"- മോഷണക്കേസിൽ കുടുക്കി പീഡിപ്പിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി ബിന്ദു കേരളകൗമുദിയോട് പറഞ്ഞു.
കള്ളക്കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കും വീട്ടുടമയ്ക്കും മകൾക്കുമെതിരെ ജാമ്യമില്ലാകേസെടുത്തത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. വ്യാജപരാതിയിൽ തന്നെ വളഞ്ഞുവച്ച് പീഡിപ്പിക്കുകയും വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും ചെയ്ത പേരൂർക്കട സ്റ്റേഷനിൽ ശനിയാഴ്ച വീണ്ടുമെത്തിയതിനെക്കുറിച്ചാണ് ബിന്ദു പറഞ്ഞത്. വ്യാജ പരാതി നൽകിയ വീട്ടുടമയ്ക്കും മകൾക്കും അന്നത്തെ എസ്.ഐക്കും എ.എസ്.ഐക്കുമെതിരെ പരാതി നൽകാനാണെത്തിയത്. പൊതുപ്രവർത്തകനായ അഡ്വ.കിഷോർ കൂടെയുണ്ടായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്ടറും മറ്റ് പൊലീസുകാരും ബിന്ദുവിനെ സ്വീകരിച്ചിരുത്തി. ഭയം നിഴലിക്കുന്ന മുഖം കണ്ടിട്ടാവണം, എസ്.ഐ പറഞ്ഞു; പേടിക്കണ്ട, അന്ന് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഇവിടെയില്ല, എല്ലാവരെയും സ്ഥലം മാറ്റി. ബിന്ദു എല്ലാവരെയും മാറിമാറി നോക്കി. ശരിയാണ്, രണ്ടുമാസം മുമ്പ് അവിടെക്കണ്ട മുഖങ്ങളൊന്നുമില്ല.
തുടർന്ന് നടപടികൾ വേഗത്തിലായിരുന്നു. കള്ളക്കേസ് ചമച്ച എസ്.ഐ, എ.എസ്.ഐ, വ്യാജപരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ എന്നിവർക്കെതിരെ ബിന്ദുവിന്റെ പരാതി ലഭിച്ച് മിനിട്ടുകൾക്കകം പൊലീസ് ജാമ്യമില്ലാ കേസെടുത്തു. ബിന്ദു നൽകിയ പരാതിയിൽ ഇരുകൂട്ടരുടെയും വിസ്താരം പൂർത്തിയാക്കിയശേഷം എസ്.സി,എസ്.ടി കമ്മിഷൻ നേരിട്ടു നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര നടപടി. എഫ്.ഐ.ആർ തയ്യാറായിക്കഴിഞ്ഞു, മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തലാണ് തുടർനടപടിയെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 23നായിരുന്നു വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |