പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്നല വൈകിട്ട് നടന്ന നീണ്ട ചർച്ചയ്ക്കും തർക്കങ്ങൾക്കും ഒടുവിൽ സമവായനീക്കത്തിലാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് കോന്നിയിൽ നിന്നുള്ള പ്രതിനിധി പി.ആർ.ഗോപിനാഥനും തിരുവല്ലയിൽ നിന്നുള്ള അഡ്വ.രതീഷിനും വേണ്ടി ജില്ലാ എക്സിക്യൂട്ടീവിൽ വാദമുയർന്നതിനെ തുടർന്ന് പൊതുസ്വീകാര്യനായ ചിറ്റയത്തെ തിരഞ്ഞെടുക്കുകയായിരുന്നു. എക്സിക്യൂട്ടീവിന്റെ തീരുമാനം പ്രതിനിധി സമ്മേളനം അംഗീകരിച്ചു.
അടൂർ പന്നിവിഴയിലാണ് ചിറ്റയത്തിന്റെ സ്ഥിരതാമസം. അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണയായി ജനപ്രതിനിധിയാണ്.കൊല്ലം പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ കർഷക തൊഴിലാളികളായ ടി.ഗോപാലകൃഷ്ണന്റെയും ടി.കെ.ദേവയാനിയുടെയും മകനാണ് അറുപതുകാരനായ ചിറ്റയം.
പടിപടിയായി ഉയർന്ന് പാർട്ടിയുടെ അമരത്ത്
പത്തനംതിട്ട : പാർട്ടിയിൽ പൊതുസമ്മനായ ചിറ്റയം ഗോപകുമാർ ജില്ലാ സെക്രട്ടറിയായതോടെ ജില്ലയിലെ വിഭാഗീയതയ്ക്ക് അറുതിയാകുമെന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പാർട്ടിയിൽ പടിപടിയായി ഉയർന്നാണ് ചിറ്റയം നേതൃസ്ഥാനത്ത് എത്തിയത്.
അഞ്ചാലുംമൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ് കോളേജിൽ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എ.ഐ.വൈ.എഫിലും എ.ഐ.ടി.യു.സിയിലും പ്രവർത്തിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എ.ഐ.ടി.യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെ.ടി.ഡി.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ ചുമതലകളിൽ പ്രവർത്തിക്കുന്നു. കലാസാംസ്കാരിക സംഘടനയായ ഇപ്റ്റ', യുവകലാസാഹിതി എന്നിവയുടെ നേതൃരംഗത്തുണ്ട്. ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂരിന്റെ രക്ഷാധികാരി.
1995 ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂരിൽ എത്തിയത്. ഭാര്യ: സി.ഷെർളി ബായി. രണ്ടുമക്കൾ : എസ്.ജി അമൃത, എസ്.ജി.അനുജ.
മുൻ ജില്ലാസെക്രട്ടറി എ.പി.ജയനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |